രാജിസന്നദ്ധത അറിയിച്ച് സുഷമ; പാടില്ലെന്ന് ആര്‍എസ്എസ്

ചൊവ്വ, 16 ജൂണ്‍ 2015 (10:02 IST)
ലളിത് മോഡിയെ സഹായിച്ച വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ  രാജിസന്നദ്ധത അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ രാജിവക്കരുതെന്ന് ആര്‍എസ്എസ് സുഷമസ്വരാജിന് നിര്‍ദേശം നല്‍കുകയായിരുന്നു. മോഡിയെ സഹായിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് സുഷമ രാജി സന്നദ്ധത അറിയിച്ചത്.

ആരോപണം ഉയർന്നതിന് പിന്നാലെ  സുഷമാ സ്വരാജ് പ്രധാനമന്ത്രിയെ കണ്ട് തന്റെ ഭാഗം വിശദീകരിച്ചിരുന്നു. അപ്പോഴാണ് രാജിക്ക് തയ്യാറാണെന്ന് സുഷമ വ്യക്തമാക്കിയത്. സർക്കാരിന് നാണക്കേട് ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ താൻ രാജി വയ്ക്കാൻ തയ്യാറാണെന്നുമാണ് സുഷമ പ്രധാനമന്ത്രിയോട് പറഞ്ഞത്.

ഇതിന് പിന്നാലെ മുതിർന്ന ബി.ജെ.പി -ആർ.എസ്.എസ് നേതാക്കൾ അടിയന്തരയോഗം ചേരുകയും സുഷമയുടെ രാജിസന്നദ്ധത ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, സുഷമ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടാണ് ആർ.എസ്.എസ് സ്വീകരിച്ചത്. മാനുഷിക പരിഗണന കണക്കിലെടുത്ത് ലളിത് മോഡിയെ സഹായിച്ചു എന്ന് സുഷമ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

രാജിവക്കരുതെന്ന് ആര്‍എസ്എസ് സുഷമസ്വരാജിന് നിര്‍ദേശം നല്‍കിയതോടെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കളും സുഷമയ്ക്കായി പിന്തുണയുമായി രംഗത്ത് എത്തി. എന്നാല്‍, സുഷമ സ്വരാജ് രാജിവക്കണമെന്ന് കോണ്‍ഗ്രസ് ശക്തമായി ആവശ്യപ്പെടുകയാണ്.

അതേസമയം, വിദേശത്ത് കഴിയുന്ന ലളിത് മോഡിയെ കേസില്‍ സഹകരിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ലളിത് മോഡിക്കെതിരെ എന്‍‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുകയാണ്. ബിസിസിഐ നല്‍കിയ കുഴല്‍പ്പണ കേസിലായിരിക്കും മോദിക്ക് എതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇതുവരെ വിദേശ നാണ്യ വിനിമയ ചട്ടം (സെമ) ലംഘിച്ച കേസില്‍ ഒരു ബ്ലൂ കോര്‍ണര്‍ നോട്ടീസ് മാത്രമാണ് നിലവില്‍ മോഡിക്കെതിരെ ഉള്ളത്. ഇതില്‍ നിന്നും മോഡി രക്ഷപ്പെടുവാന്‍ എളുപ്പമാണെന്ന പുതിയ വാര്‍ത്തകളുടെ പാശ്ചാത്തലത്തിലാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ആലോചിക്കുന്നത്. ബ്ലൂ കോര്‍ണര്‍ നോട്ടീസ് പ്രകാരം വിദേശത്തുള്ള വ്യക്തിയുടെ വിവരങ്ങള്‍ മാത്രമേ അറിയാന്‍ കഴിയൂ.

വെബ്ദുനിയ വായിക്കുക