‘പുതുതലമുറ രാഷ്‌ട്രീയത്തിലേക്കു കടന്നുവരണം’; വിദ്യാര്‍ഥികളോട് സംവദിച്ച് മോഡി

Webdunia
വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (16:51 IST)
പുതുതലമുറ രാഷ്‌ട്രീയത്തിലേക്കു കടന്നുവരണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി . അധ്യാപകദിനത്തിനു മുന്നോടിയായി ഡല്‍ഹി മനേക്‌ ഷാ ഹാളില്‍  വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കുട്ടികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്‌ അദ്ദേഹം ഉത്തരം നല്‍കി. 
 
താന്‍ ലളിതമായ രീതിയില്‍ വസ്‌ത്രം ധരിക്കുന്ന വ്യക്തിയാണന്നും തനിക്കു ഫാഷന്‍ ഡിസൈനര്‍മാരില്ലെന്നും മോഡി ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കുര്‍ത്ത ധരിക്കുന്നതിനെ കുറിച്ചും മോഡി പറഞ്ഞു. കുട്ടിക്കാലത്തു ഫുള്‍സ്ലീവ്‌ കുര്‍ത്തയാണു ധരിച്ചിരുന്നത്‌. എന്നാല്‍ വലുതായപ്പോള്‍ തനിച്ചാണു വസ്‌ത്രങ്ങള്‍ കഴുകിയിരുന്നത്‌. ഫുള്‍സ്ലീവ്‌ വസ്‌ത്രം കഴുകാന്‍ വളരെ ബുദ്ധിമുട്ടുമായിരുന്നു. ഇതിനാലാണു ഷോര്‍ട്ട്‌ കുര്‍ത്ത ധരിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഇഷ്‌ടപ്പെട്ട വിനോദം ഏതെന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തിനു മറുപടിയായി രാഷ്‌ട്രീയക്കാര്‍ക്കെല്ലാം ഒരു വിനോദമല്ലേ ഇഷ്‌ടമെന്ന മറുചോദ്യമാണു മോഡി ചോദിച്ചത്‌. 
 
ഡോ. രാജേന്ദ്ര പ്രസാദ്‌ സര്‍വോദയ വിദ്യാലയത്തിലെ പതിനൊന്നും പന്ത്രണ്‌ടും ക്ലാസുകാര്‍ക്കാണു രാഷ്‌ട്രപതി ക്ലാസെടുത്തത്‌. ഇന്ത്യന്‍ രാഷ്‌ട്രീയവും ജനാധിപത്യവും എന്ന വിഷയത്തിലാണ്‌ അദ്ദേഹം വിദ്യാര്‍ഥികള്‍ക്ക്‌ ക്ലാസെടുത്തത്‌. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം അമ്മയും അധ്യാപകരുമാണെന്നും അമ്മയാണ് തന്റെ ഏറ്റവും നല്ല ടീച്ചറെന്നും അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ ക്ലാസ്‌ ദൂരദര്‍ശന്‍ ന്യൂസ്‌ ചാനലില്‍ തത്സമയം സംപ്രേഷണം ചെയ്‌തിരുന്നു. ആദ്യമായാണ്‌ ഒരു ഇന്ത്യന്‍ രാഷ്‌ട്രപതി അധ്യാപകദിനത്തോടനുബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുന്നത്‌.