പ്രത്യേക പാക്കേജ് ആവിയാകും, മോഡി ദൈവത്തേയും കബിളിപ്പിക്കും: ലാലു

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2015 (13:35 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് രംഗത്ത്. ബിഹാറിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചുവെന്ന് വീരവാദം മുഴക്കുന്ന മോഡിക്ക് ദൈവത്തെ വരെ കബിളിപ്പിക്കാൻ കഴിയും. അധികാരത്തിലേറി 15 മാസം കഴിഞ്ഞിട്ടും നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നും നടപ്പാക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ബിഹാറിനെ മോഡി വീണ്ടുമോർത്തതെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിനായി പ്രത്യേക പാക്കേജ് എന്നതിൽ പുതുമയില്ല. പഴയ പദ്ധതികളെല്ലാം പൊടിതട്ടിയെടുത്തതല്ലാതെ പുതിയതായി ഒന്നും ചെയ്‌തിട്ടില്ല. അടുത്ത മൂന്നു മാസത്തേക്ക് മോഡി പാക്കേജിനെക്കുറിച്ചു പറയുന്നത് കേൾക്കാം. ഫെബ്രുവരിയിൽ ബജറ്റ് അവതരിപ്പിക്കുമ്പോൾ വാഗ്ദാനങ്ങൾ ആവിയായി പോകുമെന്നും ലാലു പറഞ്ഞു.

ആർജെഡി - ജെഡിയു - കോൺഗ്രസ് പാർട്ടികൾ സംഘടിപ്പിച്ച വൈശ്യ വിഭാഗത്തിന്റെ കൺവെഷനിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ലാലു. ബിജെപിയുടെ വോട്ട്ബാങ്കാണ് വൈശ്യർ. ദലിത് വോട്ട്ബാങ്കിനെ തങ്ങളുടെ പാർട്ടിയിൽ നിന്നു മാറ്റാനുള്ള ബിജെപിയുടെ ശ്രമത്തിനുള്ള ഉത്തരമായാണ് വൈശ്യരുടെ ഇടയിലെ യോഗം.

കഴിഞ്ഞ ദിവസമാണ് ബിഹാറിനായി മോഡി പ്രത്യേക പാക്കേജ് അനുവദിച്ചത്. നവംബറിൽ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിനുപുറമെ, നിലവിൽ നടപ്പിലാക്കി വരുന്ന പദ്ധതികൾക്കായി 40,657  കോടി രൂപയും കേന്ദ്ര സർക്കാർ തടസമില്ലാതെ നൽകുമെന്നും അദ്ദേഹം പറഞ്ഞു.