ഇന്ത്യയെ വെല്ലുവിളിക്കാന്‍ ആരും ധൈര്യപ്പെടില്ല: പ്രധാനമന്ത്രി

Webdunia
ശനി, 16 ഓഗസ്റ്റ് 2014 (13:03 IST)
ഐഎന്‍എസ് കൊല്‍ക്കത്തയുടെ നിര്‍മാണത്തോടെ ഒരു രാജ്യവും ഇനി ഇന്ത്യയെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യം തദ്ദേശീയമയി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലായ രാജ്യത്തിനു സമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി.

ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തുന്നതിന് ഐഎന്‍എസ് കൊല്‍ക്കത്ത നമ്മെ സഹായിക്കും. ലോകത്തിനു മുഴുവന്‍ സന്ദേശമാകും ഇത്. സാങ്കേതിക രംഗത്തെ ഇന്ത്യയുടെ സ്വയംപര്യപ്തത തെളിയിക്കുന്നതിനാവശ്യമായ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ബിജെപി സര്‍ക്കാര്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധം നടത്തണമെന്ന് ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാല്‍ കരുതിയിരിക്കേണ്ടത് ആവശ്യമാണ്. ഇന്ത്യയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഐഎന്‍എസ് കൊല്‍ക്കത്ത സഹായിക്കും.
മഹാരാഷ്ട്രയിലെ നാവിക ആസ്ഥാനത്ത് സംസാരിക്കുമ്പോള്‍ ഛത്രപതി ശിവജിയെയാണ് എനിക്ക് ഓര്‍മ വരുന്നത്. വാണിജ്യം വര്‍ധിപ്പിക്കുന്നതിനു സമുദ്രം എത്രത്തോളം സുരക്ഷിതമാക്കണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണെന്നും മോദി പറഞ്ഞു.

അത്യാധുനിക സംവിധാനങ്ങളോടെ കനത്ത പ്രഹരശേഷി ഉള്ളതാണ് മുംബൈയില്‍ മഡ്ഗാവ് ഡോക്കില്‍ നിര്‍മിച്ച ഐഎന്‍എസ് കൊല്‍ക്കത്ത. ആധുനിക റഡാര്‍ സംവിധാനങ്ങളും പരിതലത്തില്‍ നിന്ന് ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന ദീര്‍ഘദൂര മിസൈലുകള്‍, കപ്പല്‍ വേധ മിസൈലുകള്‍ എന്നിവയും മുങ്ങിക്കപ്പലുകളെ തകര്‍ക്കാന്‍ കഴിയുന്ന സംവിധാനങ്ങളും ഇതിലുണ്ട്.