പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത്. ഗോവയിൽ അദ്ദേഹം നടത്തിയ പ്രസംഗത്തെ ഉൾക്കൊണ്ടാണ് ആസാദ് മോദിയെ പരിഹസിച്ചത്. മോദി നല്ലൊരു അഭിനേതാവാണെന്ന് നേരത്തേ തന്നെ തെളിയിച്ചതാണെന്നും അതിനെക്കാൾ മികച്ച പ്രകടനമാണ് നവംബർ 13ന് അദ്ദേഹം നടത്തിയതെന്നും ആസാദ് പരിഹസിച്ചു.
ഗോവയിലെ അഭിനയം എല്ലാ തരം വികാരങ്ങളെയും ഉള്‍ക്കൊള്ളുന്ന എക്കാലത്തെയും മികച്ച പ്രകടനമായിരുന്നു. മോദിയുടെ പ്രസംഗങ്ങളില്‍ സത്യത്തേക്കാള്‍ നാടകമാണ് കൂടൂതല്‍ ഉണ്ടാവാറുള്ളത്. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി പ്രസിദ്ധമാണ്. പക്ഷേ ഗോവയിലെ പ്രകടനം അസാദ്ധ്യമായിരുന്നു. ദു:ഖം, ഹാസ്യം, താക്കീത് എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ മിന്നി മറയുകയായിരുന്നു. മോദി മുന്‍പ് വ്യത്യസ്ത വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. നായകന്‍, പ്രതിനായകന്‍, ഹാസ്യതാരം എന്നിങ്ങനെ. എന്നാല്‍ ഇവയെല്ലാം വളരെ കൈയ്യടക്കത്തോടെ ഗോവയിലെ വേദിയില്‍ ചെയ്തുവെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യത്തിന് വേണ്ടി സ്വന്തം വീടും കുടുംബവും ത്യജിച്ചയാളാണ് താനെന്ന് മോദി പ്രസംഗത്തിനിടെ വികാരഭരിതനായി പറഞ്ഞിരുന്നു. പണം പിൻവലിക്കാൻ ജനങ്ങൾ തുടർച്ചയായി ബാങ്കിലേക്ക് പോകേണ്ടതില്ല. ആവശ്യത്തിനുള്ള പണം ബാങ്കുകളിൽ ഉണ്ട്. ആവശ്യത്തിനനുസരിച്ച് ജനങ്ങൾക്കെടുക്കാം. ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ല. ഓഫീസ് കസേരയിൽ വെറുതെ ഇരിക്കാനല്ല താൻ ജനിച്ചതെന്ന് മോദി ജനങ്ങളോട് വ്യക്തമാക്കിയിരുന്നു.