കള്ളപ്പണവും തീവ്രവാദവും തടയുന്നതിനായി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച അർധരാത്രി നടത്തിയ പ്രഖ്യാപനം ശരിക്കും ജനങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്ത് നിന്നും 500, 1000 നോട്ടുകൾ അസാധുവായത് ഒരൊറ്റ രാത്രികൊണ്ടാണ്. അധ്വാനിച്ചുണ്ടാക്കിയ പണം മാറ്റിയെടുക്കുന്നതിന് ജനങ്ങൾ വെയിലത്ത് ക്യൂ നിൽക്കുന്ന കാഴ്ച ദയനീയമാണ്. ദുരിതത്തിന്റെ നാലാം ദിവസത്തിലേക്കാണ് കേന്ദ്ര സർക്കാരിന്റെ നടപടി കൊണ്ടെത്തിക്കുന്നതെന്ന് വാസ്തവം.
ബാങ്കും എ ടി എമ്മും വെള്ളിയാഴ്ചയോടെ പൂര്‍ണ സജ്ജമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞുപറ്റിച്ചതോടെ വിപണിയില്‍ കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യകാലത്തെക്കാള്‍ മോശമാണ് കച്ചവടരംഗം. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ഉറങ്ങിയ വിപണി, ബാങ്കുകള്‍ തുറക്കുന്നതോടെ ഉണരുമെന്ന് പ്രതീക്ഷിച്ചെങ്കിലും കച്ചവടം കൂടുതല്‍ മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാണ് വെള്ളിയാഴ്ചയും സാക്ഷിയായത്. കടം നൽകാൻ തയ്യാറാകുന്ന വ്യാപരികൾക്ക് മാത്രമാണ് അൽപ്പമെങ്കിലും കച്ചവടം ഉള്ളത്. പക്ഷേ എത്ര നാൾ വ്യാപരികൾ ഇങ്ങനെ കടം നൽകും എന്നതും ചിന്തിക്കേണ്ടത് തന്നെ,
ഇപ്പോള്‍ നടക്കുന്ന കച്ചവടത്തിലധികവും കടമാണെന്ന് എറണാകുളം മാര്‍ക്കറ്റിലെ സ്റ്റാള്‍ ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് അഷ്റഫ് ഒരു മാധ്യമത്തോട് പറഞ്ഞു. പച്ചക്കറി വ്യാപാരം 40 ശതമാനമായി കുറഞ്ഞു. സ്ഥിരം ഉപഭോക്താക്കള്‍ക്ക് കടം നല്‍കുന്നതിനാലാണ് 40 ശതമാനമെങ്കിലും കച്ചവടം നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നും സാധനങ്ങൾ കയറ്റി അയക്കുന്നവരോട് ഒരുകാരണവശാലും കടം പറയാൻ കഴിയില്ല. അവിടെ പണത്തിന് പണം തന്നെ വേണം, ചില്ലറയ്ക്ക് ചില്ലറയും.
വലിയ കടകളിൽ മാത്രമാണ് ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നത്. പച്ചക്കറിയും അവശ്യസാധനങ്ങളും വാങ്ങണമെങ്കിൽ ചെറിയ കടകളിൽ തന്നെ കയറണം. അവിടെ ക്രെഡിറ്റ് കാർഡ് ഫെസിലിറ്റി ഇല്ലതാനും. വ്യാപാരികളടക്കമുള്ള പൊതുജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. നാലാം ദിവസമെങ്കിലും തിക്കും തിരക്കും കുറയുമെന്നാണ് കരുതിയതെങ്കിൽ അത് ആസ്ഥാനത്താക്കുന്ന കാഴ്ചകളാണ് ബാങ്കുകൾക്കും എ ടി എമ്മുകൾക്കും മുന്നിൽ കാണാൻ കഴിയുന്നത്.
ബാങ്കുകൾ കൃത്യമായി പ്രകർത്തിക്കുകയും എ ടി എമ്മുകളിൽ 100ന്റെ നോട്ടുകൾ നിക്ഷേപിക്കുകയും ചെയ്യുകയാണെങ്കിൽ ഇപ്പോഴുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. 2000ന്റെ നോട്ട് കൈവശമുള്ളയാള്‍ക്ക് കുടിവെള്ളത്തിനുപോലും ഉപകാരപ്പെടാത്ത സ്ഥിതിയാണ്.