അച്ഛേ ദിന്‍ തിരിച്ചെടുത്തിട്ട് പഴയ ദിനമെങ്കിലും തരണം: നിതീഷ് കുമാര്‍

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2015 (14:59 IST)
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നിതീഷ് കുമാര്‍ രംഗത്ത്. അച്ഛേ ദിന്‍ എന്നു പറഞ്ഞു നടക്കുന്നവര്‍ അച്ഛേ ദിന്‍ തിരിച്ചെടുത്തിട്ട് പഴയ ദിനമെങ്കിലും തരണം. രാജ്യത്ത് വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്ര മന്ത്രിമാര്‍ നടത്തുന്ന പ്രസ്‌താവനകള്‍ കേള്‍ക്കുബോള്‍ ചിരി വരുകയാണെന്നും
നിതീഷ് കുമാര്‍ പറഞ്ഞു.

ഇന്ത്യയുടെ വ്യാപര കയറ്റുമതി കുത്തനെ കുറഞ്ഞിരിക്കുകയാണ്. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് രാജ്യാന്തര വിപണിയിലെ മുല്യമില്ലായ്മയാണ് വ്യക്തമാക്കുന്നത്. മോഡി സര്‍ക്കാരിന്റെ നയങ്ങളാണ് ഇതിന് കാരണമെന്ന് നിതീഷ് കുമാര്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു റാലികളിലെല്ലാം ബിജെപിക്കെതിരെയും നരേന്ദ്ര മോഡിക്കെതിരെയും ആഞ്ഞടിക്കുകയാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും.

അച്ഛേ ദിന്‍ വരുമെന്ന് പറഞ്ഞ ബി ജെ പി സര്‍ക്കാര്‍ ജനവഞ്ചനയാണ് ജനങ്ങളോട് കാണിക്കുന്നത്. ബിഹാറില്‍ ധാന്യങ്ങള്‍ കിലോയ്ക്ക് 200 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഗുജറാത്തിലും മധ്യപ്രദേശിലും മഹാരാഷ്‌ട്രയിലും ഈ വിലയ്ക്ക് ഭഷ്യധാന്യങ്ങള്‍ കൊടുക്കാന്‍ കഴിയുമോ എന്നും നിതീഷ് കുമാര്‍ ചോദിച്ചു.

ബിഹാര്‍ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കവെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കക്ഷിയും, ആര്‍ജെഡി, ജനതാദള്‍ യുണൈറ്റഡ് എന്നിവയുടെ മഹാസഖ്യവും തമ്മിലുള്ള പോരാട്ടം കനക്കുന്നു. നളന്തയില്‍ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് നിതീഷ് കുമാര്‍ പ്രധാനമന്ത്രിക്കെതിരെ  ആഞ്ഞടിച്ചത്.