ഞായറാഴ്ച നടന്ന ഹൈക്കോടതി അസിസ്റ്റന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കിട്ടിയപ്പോള്‍ പരീക്ഷാര്‍ത്ഥികള്‍ ഒന്നു ഞെട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കാത്ത രാജ്യമേത് എന്നായിരുന്നു അതില്‍ ഒരു ചോദ്യം. ചോദ്യപേപ്പറിലെ ആറാമത്തെ ചോദ്യമായിരുന്നു ഇത്. യു എസ് എ, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ദക്ഷിണ കൊറിയ എന്നീ നാല് രാജ്യങ്ങളുടെ പേരായിരുന്നു ഉത്തരമായി നല്കിയത്.
അതേസമയം, ചോദ്യത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി നിലപാടുകളാണ് ഉയരുന്നത്. പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഇതെന്നാണ് ചോദ്യത്തെ എതിര്‍ക്കുന്നവരുടെ വാദം. അതേസമയം, ചോദ്യം പൊതുവിജ്ഞാനത്തിന്റെ ഭാഗം മാത്രമാണെന്നാണ് മറുഭാഗത്തിന്റെ വാദം.
മുപ്പതിനായിരത്തിലധികം ആളുകള്‍ അഞ്ച് കേന്ദ്രങ്ങളിലായാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞ പാടേ പരീക്ഷാര്‍ത്ഥികള്‍ തന്നെയാണ് ചോദ്യം സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. പരീക്ഷയിലെ ഏറ്റവും വിഷമമേറിയ ചോദ്യം എന്ന രീതിയില്‍ ആയിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ ചോദ്യപേപ്പര്‍ പോസ്റ്റ് ചെയ്തത്.