'തിളക്കം' മങ്ങാതിരിക്കാന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ 10നകം നടപ്പാക്കും

Webdunia
തിങ്കള്‍, 28 ജൂലൈ 2014 (16:07 IST)
പൊതുബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങള്‍ ആഗസ്ത് പത്തിനകം നടപ്പാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിവിധ മന്ത്രാലയങ്ങളോട് നിര്‍ദേശിച്ചു. കഴിഞ്ഞ  ജൂലൈ പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബിജെപി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചത്.

ആഗസ്ത് 15ന് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യും. അതിനാല്‍ ഇതിന് മുമ്പായി ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രസംഗത്തില്‍ പ്രഖ്യാപനങ്ങള്‍ ഉല്‍പ്പെടുത്താനാണ് പത്തിന് മുമ്പായി പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പദ്ധതികള്‍ വേഗത്തില്‍ നടപ്പിലാക്കുക, പരമാവധി സുതാര്യമാക്കുക എന്ന മോഡി സര്‍ക്കാരിന്റെ മുദ്രാവാക്ക്യത്തില്‍ ഊന്നിയായിരിക്കും പദ്ധതികള്‍ നടപ്പാക്കുക.

കാബിനറ്റ് സെക്രട്ടറി അജിത് സേത്താണ് പ്രധാനമന്ത്രിയുടെ നിര്‍ദേശം മന്ത്രാലയങ്ങള്‍ക്ക് ഇ മെയിലില്‍ അയച്ചത്. ബ്യൂറോക്രസിയുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനും വിവിധ മന്ത്രാലയങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്.