ബ്രിക്സ് ഉച്ചകോടി: മോഡി നാളെ ബ്രസീലിലേക്ക് പോകും

Webdunia
ശനി, 12 ജൂലൈ 2014 (13:55 IST)
അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ ബ്രസീലിലേക്ക് യാത്ര തിരിക്കും. 14,​15 തീയതികളിലായി നടക്കുന്ന സമ്മേളനത്തില്‍ ബ്രസീൽ,​ റഷ്യ,​ ഇന്ത്യ,​ ചൈന,​ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ പങ്കെടുക്കും.

കാലവസ്ഥാ വ്യതിയാനവും വ്യാപാര രംഗത്തെ പ്രശ്നങ്ങളുമായിരിക്കും ഉച്ചകോടിയില്‍ പ്രധാനമായും ചർച്ച നടത്തുക. ബ്രസീൽ പ്രസി‌ഡന്റ് ദിൽമ റൂസഫ്,​ ചൈനീസ് പ്രസി‌ഡന്റ് സി ജിൻപിങ്,​ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ തുടങ്ങിയവരുമായി നരേന്ദ്ര മോഡി ചര്‍ച്ച നടത്തും.

ഉച്ചകോടിയിലെ പ്രധാന കരാറായ ലോകബാങ്കിന്റെ കണ്ണാടി എന്നറിയപ്പെടുന്ന ബ്രിക്സ് ബാങ്ക് സ്ഥാപിക്കുന്നതിനുള്ള കരാറും ഉച്ചകോടിയിൽ ഒപ്പിടും. ബ്രിക്സിനു കീഴിൽ വരുന്ന രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും സുസ്ഥിര വികസനത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുകയാണ് ബ്രിക്സ് ബാങ്ക് കൊണ്ട് ഉദ്ദേശിക്കുന്നത്.

യാത്രയ്ക്കിടെ ജർമനിയിൽ മോഡി ഇറങ്ങുന്നുണ്ട്. എന്നാൽ ജർമൻ ചാൻലസർ ആഞ്ചല മെർക്കലുമായി കൂടിക്കാഴ്ച നടത്തില്ല. അവര്‍ ബ്രസീല്‍ ലോകകപ്പ് ഫൈനല്‍ കാണാന്‍ പോക്കുന്നതിനാലാണ് കൂടിക്കാഴ്ച ഒഴിവായത്.