ഒബാമയുടെ കത്ത്; മോഡി സെപ്തംബറിൽ അമേരിക്കയിലെത്തും
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സെപ്തംബറിൽ അമേരിക്കയില്‍ സന്ദർശനം നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ഔദ്യോഗികമായി ക്ഷണിച്ചതിലൂടെയാണ് മോഡിയുടെ യുഎസ് സന്ദർശനത്തിന് കുരുക്കഴിഞ്ഞത്.
ഇന്ത്യ സന്ദർശിക്കുന്ന യുഎസ് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി വില്യം ബേൺസാണ് ഒബാമയുടെ കത്ത് മോഡിക്ക് കൈമാറിയത്. അമേരിക്കയിലേക്ക് തന്നെ ക്ഷണിച്ചതിന് നന്ദി രേഖപ്പെടുത്തിയ മോഡി ഈ കൂടിക്കാഴ്ച് പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പറഞ്ഞു.
നരേന്ദ്ര മോഡിയുടെ സന്ദർശനത്തിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് ഒബാമ കത്തിലൂടെ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ബേൺസ് കൂടിക്കാഴ്ച നടത്തി.