മ്യാന്‍മറിലേത് ഒരു തുടക്കം മാത്രമാണ് ഈ സന്ദേശം എല്ലാവര്‍ക്കും ബാധകമാണ്: രാജ്യവര്‍ധന്‍സിംഗ് റത്തോഡ്

ബുധന്‍, 10 ജൂണ്‍ 2015 (13:19 IST)
മ്യാന്‍മര്‍ അതിര്‍ത്തി കടത്തി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണെന്ന്‍ കേന്ദ്ര വാര്‍ത്ത വിനിമയ സഹകരണവകുപ്പ് മന്ത്രി രാജ്യവര്‍ധന്‍സിംഗ് റത്തോഡ് വെളിപ്പെടുത്തി. തീവ്രവാദി ആക്രമണങ്ങള്‍ സാധാരണ ജനങ്ങളുടെ ജീവന് ഭീഷണിയുര്‍ത്തുന്ന സാഹചര്യത്തിലാണ് രാജ്യാന്തര അതിര്‍ത്തി കടന്നും തിരിച്ചടിക്കാന്‍ സൈന്യത്തിന് പ്രധാനമന്ത്രി പിന്തുണ നല്‍കിയത്. മ്യാന്‍മറിലേത് ഒരു തുടക്കം മാത്രമാണ് ഈ സന്ദേശം എല്ലാവര്‍ക്കും ബാധകമാണ്, എന്തും നേരിടാന്‍ ഇന്ത്യ ശക്തയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

അതിര്‍ത്തിയോട് ചേര്‍ന്നുള്ള തീവ്രവാദിതാവളങ്ങള്‍ സൈന്യത്തിനും അര്‍ധസൈനിക വിഭാഗങ്ങള്‍ക്കും ഒരുപോലെ ഭീഷണിയായിരുന്നു. ഈ കാര്യത്തില്‍ അത്ഭുതപൂര്‍വ്വവും ധീരവുമായ നിലപാടുമാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്നും അതിര്‍ത്തിക്ക് സമീപത്തെ തീവ്രവാദക്യാമ്പുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വ്യോമസേനയുമായി ചേര്‍ന്ന് സൈന്യം ആക്രമണം നടത്തിയതെന്നും കേന്ദ്രമന്ത്രി വെളിപ്പെടുത്തി.

ഇന്ത്യന്‍ സൈന്യത്തേയും അര്‍ധസൈനിക പോലീസ് സേനാംഗങ്ങളേയും സാധരണക്കാരേയും അക്രമിക്കുന്നതും, തുടര്‍ന്ന് ഇന്ത്യന്‍ അതിര്‍ത്തിക്ക് പുറത്തെ ക്യാമ്പിലേക്ക് രക്ഷപ്പെടുന്നതും തീവ്രവാദികള്‍ ഒരു ശീലമാക്കിയിരുന്നു. സൈന്യം അതിര്‍ത്തി കടന്ന് വരില്ലെന്ന ധൈര്യത്തിലാണ് അവരിത് ചെയ്തത്. എന്നാല്‍ ഇനി അത് നടപ്പില്ല. പശ്ചിമഅതിര്‍ത്തിയില്‍ (പാക് അതിര്‍ത്തി) നിന്നുമുള്ള അക്രമണങ്ങളേയും ഇത്തരത്തില്‍ ചെറുക്കണമെന്നും രാജ്യവര്‍ധന്‍ സിംഗ് പറഞ്ഞു.
വ്യാഴാഴ്ച തീവ്രവാദികള്‍ നടത്തിയ അക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിന് മറുപടിയായി ഇന്നലെ സൈന്യം മ്യാന്‍മര്‍ അതിര്‍ത്തിക്കുള്ളിലെ തീവ്രവാദിക്യാമ്പുകളില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇരുപതോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് വിവരം.

വെബ്ദുനിയ വായിക്കുക