മ്യാൻമര്‍ ഓപ്പറേഷനില്‍ നിന്ന് തീവ്രവാദികളില്‍ പല പ്രധാനികളും രക്ഷപ്പെട്ടു

Webdunia
വെള്ളി, 12 ജൂണ്‍ 2015 (18:54 IST)
ചൊവ്വാഴ്ച മ്യാൻമറിൽ ഇന്ത്യ നടത്തിയ സൈനികനീക്കത്തില്‍ നിന്ന് തീവ്രവാദികളുടെ പല പ്രധാനികളും രക്ഷപ്പെട്ടതായി വിവരം. നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഒഫ് നാഗാലാന്റ് ഖാപ്‌ലാങ് (എൻ.എസ്.സി.എൻ-കെ) സൈനിക കമാൻഡർ നിക്കി സുമി ഇത്തരത്തില്‍ രക്ഷപ്പെട്ടതായാണ് വിവരം. കഴിഞ്ഞ ജൂൺ നാലിന് ഇന്ത്യൻ സേനയുടെ ദോഗ്ര റെജിമെന്റിലെ 18 സൈനികരെ മണിപ്പൂരിൽ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതിനു പിന്നിൽ ഇയാളുടെ ആസൂത്രണമാണെന്നാണ് വിവരം.

തീവ്രവാദിക്യാമ്പുകൾ തകർക്കാനായി പ്രത്യേകസേന നടത്തിയ സൈനികനീക്കത്തിലാണ് മിക്ക തീവ്രവാദികളും കടന്നുകളഞ്ഞതായി മനസിലാക്കിയത്. എന്നാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടനുസരിച്ച് ഇവിടെ തീവ്രവാദിക ഉള്ളതായാണ് സേനയ്ക്ക് വിവരം ലഭിച്ചത്.  മണിപ്പൂരിലെ ഒളിയാക്രമണത്തിനു തങ്ങൾക്കെതിരെയുള്ള സേനയുടെ നിരീക്ഷണം ശക്തമായത് ശ്രദ്ധയിൽപ്പെട്ടതോടെ ഇവർ ക്യാമ്പുകൾ വിട്ടുപോയതാവാമെന്ന് സംശയിക്കുന്നു.

തീവ്രവാദികൾ രക്ഷപ്പെടാനുണ്ടായ സാധ്യതയെക്കുറിച്ച് സർക്കാർ പരിശോധിക്കുകയാണ്. വിവരം ചോര്‍ന്നതാണോ കാരണമെന്നും അന്വേഷിക്കുന്നുണ്ട്. അതേസമയം സേനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട തീവ്രവാദികളെ സൈന്യം പിന്തുടര്‍ന്ന് ചെന്ന് ആക്രമിക്കുകയായിരുന്നു.

രക്ഷപ്പെട്ട ചില സംഘങ്ങളെ സേന മൂന്നു കിലോമീറ്ററുകളോളം പിന്തുടർന്നതായി റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ 15 ഓളം തീവ്രവാദികൾ വധിക്കപ്പെട്ടതായും നിരവധിപേർക്ക് പരിക്കേറ്റതായും മുമ്പ് ചില ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. എന്നാൽ നിക്കി സുമി കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.