മ്യാന്‍മാര്‍ അതിര്‍ത്തി അരിച്ചു പെറുക്കി ഇന്ത്യന്‍ സൈന്യം; നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടു

Webdunia
ബുധന്‍, 10 ജൂണ്‍ 2015 (11:32 IST)
മണിപ്പൂരിലെ ചാന്ദല്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം പതിനെട്ട് സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭീകരര്‍ക്കെതിരെ സൈന്യം നടത്തിയ ആക്രമണത്തില്‍ നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടു.  45 മിനിട്ട് നീണ്ടുനിന്ന ഏറ്റുമുട്ടലാണ് ഉണ്ടായതെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലെ മ്യാന്‍മാര്‍ അതിര്‍ത്തി പ്രദേശത്ത് ആസാം റൈഫിള്‍സും സൈന്യവും ചേര്‍ന്നാണ് ആക്രമണം അഴിച്ചു വിട്ടത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ശരിയായ കണക്ക് ഇനിയും ലഭ്യമായിട്ടില്ലെന്നും ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
 
ഇന്ത്യൻ സൈന്യം ആക്രമണം ഏതാണ്ട് പൂർത്തിയാക്കിയതിന് ശേഷമാണ് മ്യാമൻമറിലെ ഭരണകൂടം പോലും ഇതേക്കുറിച്ച് അറിഞ്ഞത്. ഭീകരരെ അമർച്ച ചെയ്ത ശേഷം സൈനികർ സുരക്ഷിതമായി ഇന്ത്യൻ അതിർത്തിയിലേക്ക് മടങ്ങുകയും ചെയ്തു. വ്യോമസേനാ ഹെലികോപ്ടറുകളും ഡ്രോണുഖളും സൈന്യത്തിന് പിന്തുണ നൽകി.
 
മണിപ്പൂരിലെ ഉഗ്റുല്‍, ചാന്ദല്‍ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലിലാണ് കൂടുതല്‍ തീവ്രവാദികള്‍ മരിച്ചത്. നാഗാലാന്‍ഡ് അതിര്‍ത്തിയില്‍ എട്ട് ഭീകരരേയും സൈന്യം വധിച്ചു. ഇന്നു രാവിലെ സൈന്യം രണ്ടായി തിരിഞ്ഞാണ് മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയത്. പ്രദേശത്ത് മാവോയിസ്റ് വേട്ടയ്ക്കായി സൈന്യം കൂടുതല്‍ പദ്ധതികള്‍ തയാറാക്കുന്നുണ്ടെന്ന് മേജര്‍ ജനറല്‍ റണ്‍ബീര്‍ സിംഗ് അറിയിച്ചു.
 
അതേസമയം, സൈനികര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ മ്യാന്‍മറിന് പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. സംഭവത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പുതിയ വിവരം ലഭിച്ചത്. ഗോഹട്ടിയിലെ എന്‍ഐഎ ഏജന്‍സിയാണ് ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. മ്യാന്‍മറിലെ ഒരു വിഭാഗം സൈനിക മേധാവികളാണ് കൂട്ടക്കൊല നടത്തിയ തീവ്രവാദികള്‍ക്ക് ആധുനിക ആയുധങ്ങളില്‍ പരിശീലനം നല്‍കിയതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
 
മുപ്പതോളം എന്‍എസ്സിഎന്‍ ഭീകരര്‍ക്ക് മ്യാന്‍മാറിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.  ഇവര്‍ക്ക് ഒരു മാസത്തിലേറെ ആയുധ പരിശീലനം നല്‍കിയതായും. തുടര്‍ന്നാണ് അത്യാധുനിക ആയുധങ്ങളുമായി മാവോയിസ്റുകള്‍ മണിപ്പൂരിലെ ഉള്‍ക്കാട്ടിലെത്തി സൈനികരെ ആക്രമിച്ചതെന്നും ഇന്റലിജന്‍സ് കണ്ടെത്തി. ആക്രമണത്തിനു ശേഷം സ്ഥലത്തു നിന്നും രക്ഷപെട്ട മാവോയിസ്റുകള്‍ മ്യാന്‍മര്‍ സൈനിക ഉദ്യോഗസ്ഥരുടെ സംരക്ഷണയില്‍ ഒളിവിലാണെന്നാണു റിപ്പോര്‍ട്ടുണ്ട്.