മകളുടെ കല്യാണം നടത്താന്‍ മരുമകളുടെ കുഞ്ഞിനെ വിറ്റു!

Webdunia
ശനി, 7 ഫെബ്രുവരി 2015 (16:51 IST)
മകളുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതിനായി വൃദ്ധ 15 ദിവസം പ്രായമുള്ള പേരക്കുട്ടിയെ 50,000 രൂപയ്ക്ക് വിറ്റു. തന്റെ കുഞ്ഞിനെ അമ്മായിയമ്മ വിറ്റതായി കാട്ടീ കുഞ്ഞിന്റെ അമ്മ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തായത്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ ചെയിന്‍പൂര്‍ വാജിദ് വില്ലേജിലാണ് സംഭവം. റുക്‌സാന ഖത്തൂന്‍ എന്ന യുവതിയുടെ കുഞ്ഞിനേയാണ് അമ്മായിയമ്മ വിറ്റത്. റുക്‌സാനയുടെ ഭര്‍ത്താവ് സംസ്ഥാനത്തിന് പുറത്ത് ജോലിചെയ്യുന്ന ദിവസക്കൂലിക്കാരനാണ്.
 
സംഭവത്തേപ്പറ്റി പോലീസ് പറയുന്നതിപ്രകാരം: കുട്ടിയെ ഡോക്ടറെ കാണിക്കാന്‍ പോയപ്പോള്‍ കൂടെ ചെല്ലാന്‍ റുക്‌സാനയെ അമ്മായി അമ്മ നിര്‍ബന്ധിച്ചു. അമ്മായി അമ്മ കുട്ടിയുമായി ഡോക്ടറുടെ ക്ലിനിക്കിലേയ്ക്ക് കയറിപോയെന്നും തിരിച്ചുവന്നത് വെറുംകൈയോടെയാണെന്നും റുക്‌സാന പരാതിയില്‍ പറയുന്നു. ചോദിച്ചപ്പോള്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ വിവാഹത്തിന് സ്ത്രീധനം നല്‍കുന്നതിനായി കുട്ടിയെ വിറ്റുവെന്നായിരുന്നു മറുപടി.
 
മതിയായ സ്ത്രീധനം നല്‍കാത്തതിനാല്‍ തന്നെ നിരന്തരം അമ്മായിയമ്മ പീഡിപ്പിക്കാറുണ്ടായിരുന്നു എന്ന് രുക്സാന പരാതിയില്‍ പറയുന്നുണ്ട്. അതിനാല്‍ തരാനുള്ള സ്ത്രീധന തുകയ്ക്ക് പകരമായാണ് കുട്ടിയെ വിറ്റതെന്നാണ് അമ്മായിയമ്മ പറഞ്ഞതെന്നും രുക്സാന പറയുന്നു. സംഭവം പുറത്തുവന്നതിന് പിന്നാലെ കുറ്റാരോപിതരായ അമ്മായി അമ്മയും മകളും ഗ്രാമം വിട്ടു. ഇവരെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.