തോട്ടത്തിൽ വലിഞ്ഞു കയറി അനുവാദമില്ലാതെ മാങ്ങ കട്ടുപറിച്ച പത്തുവയസ്സുകാരനെ തോട്ടം ഉടമ കൊലപ്പെടുത്തിയതായി പരാതി. ലഖ്നൗ ഗോസായി ഗഞ്ചിലെ സത്വാര ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശത്തെ കർഷകരായ ഉജഗർ ദ്വിവേദിയുടേയും അർച്ചനയുടേയും മകൻ സത്യം ദ്വിവേദി (10) യാണ് കൊല്ലപ്പെട്ടത്.
ആരും വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കി സത്യം ദ്വിവേദിയും മൂന്ന് കൂട്ടുകാരും അയൽ വീട്ടിലെ തോട്ടത്തിൽ കയറി മാങ്ങ പറിക്കുന്നത് കണ്ടവരുണ്ട്. എന്നാൽ പിന്നീട് തോട്ടത്തിൽ കൊല്ലപ്പെട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കൂട്ടുകാരേയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മാങ്ങ കട്ടുപറിക്കുന്നതുമായി ബന്ധപ്പെട്ട് തോട്ടം ഉടമ കുട്ടികളുമായി ദിവസവും ബഹളം വെക്കാറുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സത്യത്തിന്റെ മാതാപിതാക്കൾ ഇയാൾക്കെതിരെ പരാതി നൽകിയത്. കൂടെയുണ്ടായിരുന്നവർ ഇരുപതിനും ഇരുപത്തിഅഞ്ചിനും ഇടയിൽ പ്രായമുള്ളവരാണ്.