താമസിച്ച് ജോലിക്ക് എത്തിയെന്ന് ആരോപിച്ച് സഹപ്രവർത്തകയെ തൊഴിച്ച സഹപ്രവർത്തകനെ കർണാടക സർക്കാർ ജോലിയിൽനിന്നു പിരിച്ചുവിട്ടു. ബംഗ്ലരൂവിലെ റായ്ചൂരിലെ സിന്ധനുർ നഗര മുനിസിപ്പാലിറ്റിയിലാണ് സംഭവം.
ഓഫിസിലെ കംപ്യൂട്ടർ ഓപ്പറേറ്ററായിരുന്ന ശരണപ്പയെയാണ് പിരിച്ചു വിട്ടത്. അക്രമത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. നോമ്പെടുക്കുകയായിരുന്ന യുവതി താമസിച്ച് ഓഫീസില്‍ എത്തിയതോടെ ശരണപ്പ ചോദ്യം ചെയ്യുകയും വഴക്കില്‍ കലാശിക്കുകയുമായിരുന്നു. ഈ സമയം ഓഫീസില്‍ ആരും ഉണ്ടായിരുന്നില്ല.
യുവതിയുടെ മറുപടിയില്‍ അരിശം പൂണ്ട ശരണപ്പ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് ഇവരുടെ അടുത്തെത്തുകയും പരിഭ്രമിച്ചു മാറി നിന്ന യുവതിയെ തൊഴിക്കുകയുമായിരുന്നു.
ശരണപ്പ ആക്രമിക്കാന്‍ വരുമ്പോള്‍ യുവതി ഇരിപ്പിടത്തില്‍ നിന്ന് ഭയത്തോടെ എഴുന്നേറ്റ് മാറുന്നതും മര്‍ദ്ദനം ഏറ്റയുടന്‍ ബാഗ് എടുത്ത് ഓഫിസ് വിട്ടുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്.