മുപ്പത് വർഷങ്ങൾക്കു ശേഷം അവൾ ചരിത്രം കുറിച്ചു. മുംബൈയുടെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ഹർഷ ചൗഡ ഷാ തിങ്കളാഴ്ച പൂർണ ആരോഗ്യമുള്ളൊരു കുഞ്ഞിന് ജന്മം നൽകി. 1986ൽ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിനെ രാജ്യത്തിന് നൽകിയ അതേ വിദഗ്ദ്ദ ഡോക്ടർമാരുടെ ശുശ്രൂഷയിൽ തന്നെയായിരുന്നു ജസ്‌ലോക്ക് ആശുപത്രിയിൽ സിസേറിയൻ നടന്നത്. 3.18 കിലോ തൂക്കമുള്ള ആരോഗ്യമുള്ളൊരു കുഞ്ഞിനാണ് ഹർഷ ജന്മം നൽകിയത്.
2015 ലായിരുന്നു ദിവ്യപാൽ ഷാ മുംബൈയുടെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ഹർഷയെ വിവാഹം കഴിച്ചത്. ഗർഭകാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന കാരണത്താൽ ഹർഷ ജോലി രാജിവെക്കുകയായിരുന്നുവെന്ന് ദിവ്യപാൽ അറിയിച്ചു. 1986ൽ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിനെ സമ്മാനിച്ച ഡോക്ടർ ഇന്ദിര ഹിന്ദുജ തന്നെയാണ് ഹർഷയുടെ സിസേറിയനും നേതൃത്വം നൽകിയത്.
മഹാശിവരാത്രി ദിനത്തിൽ പിറന്ന കുഞ്ഞ് ദൈവത്തിന്റെ വരദാനമാണെന്നും തന്നെപോലെ തന്നെ തന്റെ കുഞ്ഞും ദൈവം നൽകിയ സമ്മാനമാണെന്നും ഹർഷ പറഞ്ഞു. ദൈവം അനുഗ്രഹിച്ച തന്റെ കുഞ്ഞ് ശ്രേഷ്ഠമാണെന്നും ഈ സന്തോഷത്തിൽ എന്താണ് പറയേണ്ടതെന്ന് തനിക്കറിയില്ല എന്നും അവർ അറിയിച്ചു.
ഹർഷ ജനിച്ചപ്പോൾ അവരുടെ മാതാപിതാക്കളുടെ സന്തോഷം വളരെ വലുതായിരുന്നു. മാതാപിതാക്കൾ അനുഭവിച്ച അതേ സന്തോഷം തന്നെയാണ് ഇന്ന് ഹർഷയും അനുഭവിക്കുന്നതെന്ന് സിസേറിയനു നേതൃത്വം നൽകിയ ഡോക്ടർ ഇന്ദിര പറഞ്ഞു. യാദൃശ്‌ചികമായാണ് അവർ തങ്ങളുടെ അടുക്കൽ തന്നെ പ്രസവത്തിന് എത്തിയത്. ഇങ്ങനെയൊരു സിസേറിയനു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഡോക്ടർ കുസും സാവേരി അറിയിച്ചു.
1980ൽ ശ്വാസകോശരോഗം ഹർഷയുടെ മാതാവ് ദുർഗ്ഗ ചൗഡയുടെ ഗർഭപാത്രത്തെ കാര്യമായി ബാധിച്ചതിനെ തുടർന്ന് കെ ഇ എം ആശുപത്രിയിലെ ഡോക്ടർ ഹിന്ദുജയെ കൺസൾട്ട് ചെയ്തു. അവരാണ് കൃത്രിമബീജധാനത്തിലൂടെ ഗർഭം ധരിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് വിശദമായി പറഞ്ഞു തന്നതെന്ന് ഹർഷയുടെ മാതാപിതാക്കൾ അറിയിച്ചു.
തന്റെ ജന്മദിനത്തിന്റെ അന്നാണ് ദുർഗ്ഗയുടെ ഗർഭ പരിശോധനയുടെ ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നത്. രാജ്യത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവാണ് ഹർഷ എന്ന് കുഞ്ഞ് ജനിക്കുന്ന വരെ ദുർഗ്ഗക്ക് അറിയില്ലായിരുന്നുവെന്നും ഡോക്ടർ അറിയിച്ചു.