പീഡനം; പ്രമുഖ സിനിമ സംവിധായകനെതിരെ നടി രംഗത്ത്

Webdunia
ഞായര്‍, 21 ഫെബ്രുവരി 2016 (16:59 IST)
പാകിസ്ഥാനി സിനിമ നടിയെ ഇന്ത്യന്‍ സംവിധായകന്‍ പീഡിപ്പിച്ചതായി പരാതി. സിനിമയില്‍ അഭിനയിപ്പിയ്ക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയതിന് ശേഷമായിരുന്നു പീഡനം. ഈ സംഭവത്തെ തുടര്‍ന്ന് സംവിധായകനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു.

പാകിസ്ഥാന്‍ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന നടിയാണ് ഇന്ത്യന്‍ സംവിധായകനാല്‍ പീഡിപ്പിയ്ക്കപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പ് ഒരു സിനിമയുടെ പാര്‍ട്ടിയില്‍ വച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടത്.
പാര്‍ട്ടിയില്‍ വച്ചുള്ള പരിചയം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ വളര്‍ന്നു. പിന്നീടുള്ള ചര്‍ച്ചകള്‍ സിനിമയെ കുറിച്ചായി. താന്‍ ഒരു ഹിന്ദി സിനിമ നിര്‍മ്മിക്കുന്നുണ്ടെന്നും അതില്‍ അഭിനയിപ്പിയ്ക്കാമെന്നും ആയിരുന്നു സംവിധായകന്‍ നല്‍കിയ വാഗ്ദാനം. തുടര്‍ന്ന് ഒരു ഡോക്യുമെന്ററിയില്‍ ഈ നടിയ്ക്ക് അഭിനയിക്കാനുള്ള അവസരവും സംവിധായകന്‍  നല്‍കിയിരുന്നു.

സിനിമ നിര്‍മ്മിക്കാനാണെന്ന് പറഞ്ഞ് പല തവണയായി തന്റെ കൈയ്യില്‍ നിന്ന് 35 ലക്ഷം രൂപ സംവിധായകന്‍ വാങ്ങിയതായും പണം തിരികെ ചോദിച്ചപ്പോള്‍ തന്നെ ബലാത്സംഗം ചെയ്തതായുമാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതുവരെയായിട്ടും സിനിമ നിര്‍മിച്ചില്ലയെന്നും പരാതിയില്‍ പറയുന്നു.
തന്നെ പല തവണ സംവിധായകന്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും സംവിധായകന്റെ സുഹൃത്തുക്കളായ രണ്ടു പേര്‍ പലപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടാകാറുണ്ടെന്നും നടി വ്യക്തമാക്കി.

ഹിന്ദി സിനിമയില്‍ അവസരം പ്രതീക്ഷിച്ച ഇവര്‍ പല തവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ശനത്തിലായിരുന്നു സംവിധായകനുമായി പരിചയപ്പെടുന്നത്. പ്രമുഖ ബോജ്പുരി സംവിധായകന്‍ ശ്യാം ചരണ്‍ യാദവിനെതിരെയാണ് നടി പരാതി നല്‍കിയത്.

മുംബൈ മീര റോഡ് പൊലീസ് സ്‌റ്റേഷനിലാണ് നടി അഭിഭാഷകനൊപ്പമെത്തി പരാതി നല്‍കിയത്. ഇതേതുടര്‍ന്ന സംവിധായകനെ അറസ്റ്റ് ചെയ്തു. സംവിധായകന്റെ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഒളിവിലാണ്.