മുംബൈയില്‍ വിഷമദ്യദുരന്തം: മരണം 66 ആയി

Webdunia
ശനി, 20 ജൂണ്‍ 2015 (11:44 IST)
മുംബൈ നഗരത്തിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 66 ആയി. നഗരത്തിലെ മലാഡ് മല്‍വാണി മേഖലയിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
ചികിത്സയില്‍ കഴിഞ്ഞിരുന്ന 13 പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 66 ആയി ഉയര്‍ന്നത്. മദ്യദുരന്തത്തിന് ഇരയായ 31 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12ഓളം പേരുടെ നില ഗുരുതരമാണ്.
 
ഇതിനിടെ, നിരീക്ഷണത്തില്‍ വീഴ്ച വരുത്തിയതിന്റെ പേരില്‍ എട്ടു പൊലീസുകാരെ മുംബൈ കമ്മീഷണര്‍ രാകേഷ് മരിയ സസ്‌പെന്‍ഡ് ചെയ്തു. മല്‍വാണിയിലെ ലക്ഷ്മി നഗര്‍ ചേരിയിലുള്ളവരാണ് വിഷമദ്യദുരന്തത്തിന് ഇരയായവരില്‍ ഏറെയും. 
 
മരണസംഖ്യ ഇനിയും കൂടാമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ധനഞ്ജയ കുല്‍ക്കര്‍ണി പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജു ഹനുമന്ത പാസ്‌കര്‍ (50), ഡൊണാള്‍ഡ് റോബര്‍ട്ട് പട്ടേല്‍ (47), ഗൗതം ഹാര്‍തെ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.