കഴുമരം തന്നെ; മേമന്റെ ഹര്‍ജിയെ വിമര്‍ശിച്ച് സുപ്രീംകോടതി

Webdunia
വ്യാഴം, 23 ജൂലൈ 2015 (10:46 IST)
1993ലെ മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമൻ വധശിക്ഷ നടപ്പിലാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ച നടപടിയെ വിമര്‍ശിച്ച് സുപ്രീംകോടതി രംഗത്ത്. രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി ഒരാൾക്ക് വീണ്ടും സംസ്ഥാന ഗവർണറെ സമീപിക്കാന്‍ കഴിയും. ഇന്ത്യൻ നിയമമനുസരിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാളുടെ ദയാഹർജി പരിഗണിക്കാനുള്ള അവകാശം രാഷ്ട്രപതിക്ക് മാത്രമാണുള്ളതെന്നും കോടതി വ്യക്തമാക്കി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരാൾ രാഷ്ട്രപതി തള്ളിയ ദയാഹർജിയുമായി സംസ്ഥാന ഗവർണറെ സമീപിക്കുന്നു. ഇങ്ങനെ ചെയ്യാൻ ഇന്ത്യൻ ഭരണഘടനയിൽ വ്യവസ്ഥയില്ല. ഇതു തികച്ചും അസബംന്ധമായ കാര്യമാണ്. ഹൈക്കോടതിയിൽ പരാജയപ്പെട്ട ഒരു കേസുമായി ഒരാൾക്ക് ജില്ലാ കോടതിയെ സമീപിക്കാനാവുമോ എന്നും കോടതി ചോദിച്ചു. ഇത്തരത്തിൽ രാഷ്ട്രപതിക്കും ഗവർണർക്കും സമാന്തരമായി ദയാഹർജി നൽകുന്നത് തികച്ചും ഗൗരവമേറിയ വിഷയമാണ്. ഇങ്ങനെ മാറി മാറി ഹര്‍ജി നല്‍കിയാല്‍ കോടതി വിധിക്ക് എന്താണ് അര്‍ഥമെന്നും കോടതി ചോദിച്ചു.

മേമനെ വധശിക്ഷയില്‍ നിന്ന്  ഒഴിവാക്കാനുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന 2002 ലെ സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയാണ് ചിഫ് ജസ്റ്റീസ് എച്ച് എല്‍ ദത്തുവിന്റെ നേതൃത്വത്തിലുള്ള ബഞ്ച് കഴിഞ്ഞ ദിവസം മേമന്റെ തിരുത്തല്‍ ഹര്‍ജിയും തള്ളിയത്. അതേസമയം ടാഡ കോടതി വിധി നടപ്പാക്കാന്‍ മഹാരാഷ്ട്ര ജയില്‍ വകുപ്പ് ആരാച്ചാരെ തേടുകയാണ്. മേമന്റെ വധശിക്ഷ നാഗ്പൂർ ജയിലിലോ അതല്ലെങ്കിൽ പൂണെയിലെ യെർവാഡ ജയിലിലലോ നടപ്പാക്കുമെന്നാണ് അറിയുന്നത്. മേമനെ തൂക്കിക്കൊല്ലുന്നതിനുള്ള തീയതിയും സമയവും സംബന്ധിച്ചുള്ള അനുമതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നൽകിയിട്ടുണ്ട്. മേമന്റെ കുടുംബാംഗങ്ങളെ ഇക്കാര്യം അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. മേമനെ തൂക്കിലേറ്റിയാല്‍ 1993-ലെ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്.

നിലവിലത്തെ സ്ഥിതിയില്‍ മേമന്റെ അപേക്ഷ സുപ്രീംകോടതി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്കുന്നത്. കഴിഞ്ഞ ഏപ്രില്‍ വധശിക്ഷ ചോദ്യം ചെയ്തു മേമന്‍ നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള നടപടി ക്രമങ്ങള്‍ അധികൃതര്‍ വേഗത്തില്‍ നടപ്പാക്കി വരുകയാണ്. കഴിഞ്ഞ വര്‍ഷമാണ് മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും തള്ളിയിത്. 53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007-ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993-ലെ മുംബൈ സ്ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്.

ബോളിവുഡ് താരം സഞ്ജയ് ദത്തും കേസിൽ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീംകോടതി 2013ൽ ജീവപര്യന്തമാക്കിയിരുന്നു. സഞ്ജയ് ദത്തിന്റെ ആറു വർഷം തടവുശിക്ഷ അഞ്ചു വർഷമാക്കി കുറച്ചു. ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി ടൈഗര്‍ മെമന്റെ സഹോദരനായ യാക്കൂബ് മെമന്റെ അപ്പീല്‍ ബോംബെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. ദയാഹര്‍ജി രാഷ്ട്രപതിയും തള്ളി.