ത്യാഗത്തിന്റെ മഹാപ്രതീകമായ അമ്മ ഇനി ‘കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസ’

ഞായര്‍, 4 സെപ്‌റ്റംബര്‍ 2016 (14:20 IST)
അഗതികളുടെ അമ്മയായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് ഈ പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് തിരുശേഷിപ്പ് അള്‍ത്താരയില്‍ സമര്‍പ്പിച്ചു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാനായി പത്തു ലക്ഷത്തിലധികം പേരാണ് എത്തിയിരുന്നത്. ഒരു ലക്ഷത്തോളം പേർക്കുള്ള ഇരിപ്പിടം ഇവിടെ സജ്ജീകരിച്ചിരുന്നു. നാളെയാണ് മദർ തെരേസയുടെ പത്തൊന്‍പതാം ചരമവാർഷികദിനം.
 
ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞു രണ്ടുമണിക്കാണ് വിശുദ്ധ പ്രഖ്യാപനച്ചടങ്ങുകൾ ആരംഭിച്ചത്. ബസിലിക്കയുടെ മുന്നിൽ തയാറാക്കിയ പ്രത്യേക വേദിയിൽ നടക്കുന്ന കുർബാനയ്ക്കു മാർപാപ്പയാണ് മുഖ്യകാർമികത്വം വഹിച്ചത്. കാരുണ്യവർഷത്തിനായി തയാറാക്കിയ പ്രവേശന ഗാനത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. ഫ്രഞ്ച്, പോർച്ചുഗീസ്, ബംഗാളി, അൽബേനിയ, ചൈനീസ് എന്നീ ഭാഷകളിലായിരുന്നു മധ്യസ്ഥ പ്രാർഥന ചൊല്ലിയത്.
 
കുർബാനമധ്യേ മദർ തെരേസയെ മാർപാപ്പ വിശുദ്ധരുടെ നിരയിലേക്കു പേരുവിളിച്ചു. കൊൽക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദർ തെരേസ ഇനിമുതല്‍ അറിയപ്പെടുക. മദർ തെരേസയുടെ കൂറ്റൻ ചിത്രവും സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുഖ്യകവാടത്തിനു മുകളിൽ സ്ഥാപിച്ചു. ഇന്നലെ വൈകിട്ടു ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്ത പ്രബോധന പരിപാടിയിൽ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു.
 
വിശുദ്ധ പ്രഖ്യാപനച്ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയില്‍ നിന്നും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തില്‍ 11 അംഗ പ്രതിനിധി സംഘം ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തി. സിറോ മലബാർ സഭാധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉൾപ്പെടെ സിബിസിഐയിലെ മുപ്പത്തഞ്ചോളം മെത്രാന്മാരും  വത്തിക്കാനിലെ ചടങ്ങില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക