മോഡിയുടെ ഭാര്യയാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു

Webdunia
ശനി, 24 മെയ് 2014 (10:18 IST)
തന്നെ ഭാര്യയായി അംഗീകാരിക്കാന്‍ മോഡി കാണിച്ച വലിയ മനസ്സിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ടാണ് യശോദ ബെന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഒരു ഗുജറാത്തി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബെന്‍ തന്റെ ഭര്‍ത്താവിന് നന്ദി അറിയിച്ചത്.
 
"ഇതെനിക്ക് അത്യന്തം സന്തോഷം നല്‍കുന്ന കാര്യമാണ്,​ അദ്ദേഹത്തിന്റെ ഭാര്യയാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു,​ അദ്ദേഹത്തിന്റെ മുന്നേറ്റത്തിന് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും",​ മോഡിക്ക് നന്ദി അറിയിച്ചു കൊണ്ട് യശോദ ബെന്‍ പറഞ്ഞു.
 
മോഡിയെ തേടിയെത്തുന്ന പ്രധാനമന്ത്രി പദത്തില്‍ മാത്രമല്ല യശോദബെന്നിന് സന്തോഷം. തെരഞ്ഞെടുപ്പിന് മുന്നോടിയായ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികയില്‍ മോഡി തന്നെ ഭാര്യയായി അംഗീകരിച്ചതിന് മനസ്സു നിറഞ്ഞുള്ള നന്ദിയും യശോദ ബെന്‍ അറിയിക്കുന്നുണ്ട്.
 
"ഇലക്ഷന്‍ രേഖകളില്‍ മുന്‍പ് അദ്ദേഹം തന്റെ പേര് ചേര്‍ത്തിരുന്നില്ല,​ അതേ സമയം അദ്ദേഹം വിവാഹിതനാണെന്നുള്ള കാര്യം നിഷേധിച്ചിട്ടുമില്ല,​ അദ്ദേഹം എന്നെക്കുറിച്ച് ഒരു മോശം കാര്യങ്ങളും പറഞ്ഞിട്ടില്ല,​ ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു,​ ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്,​ അതെല്ലായ്പ്പോഴും അങ്ങനെ തന്നെയായിരിക്കും,​ യശോദ ബെന്‍ മനസ്സു തുറക്കുന്നു". 
 
എന്നാല്‍ വിവാഹ മോചനം നേടിയിട്ടുണ്ടോ എന്ന ചോദ്യങ്ങളോട് ബെന്‍ ഇപ്രകാരം പ്രതികരിച്ചു. "ഞങ്ങള്‍ വിവാഹ മോചനം നേടിയിട്ടില്ല,​ നിങ്ങള്‍ പറഞ്ഞ രീതിയില്‍ ഞങ്ങള്‍ പിരിഞ്ഞിട്ടുമില്ല,​ ഞങ്ങള്‍ ഒന്നാണ്." ബെന്‍ പ്രതികരിച്ചു.  
 
മോഡിയെ കാണാനുള്ള സമയമാകുന്പോള്‍ അദ്ദേഹത്തെ കാണുമെന്നും അവര്‍ പറഞ്ഞു. മാത്രമല്ല സത്യപ്രതിജ്ഞയ്ക്ക് ക്ഷണം കിട്ടുകയാണെങ്കില്‍ പങ്കെടുക്കുമെന്നും അവര്‍ കൂട്ടിച്ചേർത്തു.