പ്രധാനമന്ത്രി ഇപ്പോഴും തെരഞ്ഞെടുപ്പ് മൂഡിലെന്ന് സോണിയ ഗാന്ധി

Webdunia
ബുധന്‍, 6 മെയ് 2015 (13:46 IST)
കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. പാര്‍ലമെന്റിലെ ശൂന്യവേളയിലാണ് കേന്ദ്രത്തിന് കടന്നാക്രമിച്ച് സോണിയ സംസാരിച്ചത്. ജനങ്ങളുടെ വികാരം മാനിക്കാതെ തെരഞ്ഞെടുപ്പ് മൂഡില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്നാണ് സോണിയ ആരോപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇപ്പോഴും തിരഞ്ഞെടുപ്പ് മൂഡില്‍ കറങ്ങിനടക്കുകയാണ്. വിദേശത്ത് നടത്തുന്ന പ്രസംഗങ്ങളിലൊക്കെ ഇന്ത്യയെ അപമാനിക്കാനാണ് ശ്രമം. കൂടാതെ ജനങ്ങള്‍ക്ക് പ്രസംഗങ്ങളിലൂടെ പുതിയ വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതിലൊന്നു പോലും നടപ്പാക്കാന്‍ താത്പര്യം കാണിക്കുന്നില്ല. പറയുന്നതിന് നേരെ വിരുദ്ധമായി ആണ് പ്രവര്‍ത്തിക്കുന്നത് - സോണിയ ആരോപിച്ചു.

'ഗുജറാത്ത് മോഡല്‍' ഭരണം കാഴ്ചവെയ്ക്കാനാണ് ശ്രമം. ജനങ്ങളുടെ വികാരങ്ങള്‍ മാനിക്കാതെയാണ് ഭരണം. മുഖ്യവിവരാവകാശ കമ്മീഷണറുടേത് ഉള്‍പ്പടെയുള്ള പല നിയമനങ്ങളും മനപ്പൂര്‍വ്വം വൈകിപ്പിക്കുകയാണ്. വിവരാവകാശ നിയമത്തിന്റെ മുനയൊടിക്കാനാണ് ശ്രമം-അവര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ഉന്നയിച്ച് അടിയന്തരപ്രമേയത്തിന് സോണിയ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ സുമിത്ര മഹാജന്‍ അത് നിഷേധിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.