മോഡിയുടെ പാരിതോഷികം വേണ്ട: ഇഥി ഫൗണ്ടേഷന്‍

Webdunia
ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (20:04 IST)
പാകിസ്‌ഥാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ യുവതി ഗീതയെ ഇന്ത്യയില്‍ തിരിച്ചെത്തിച്ച പാക് സന്നദ്ധ സംഘടനയായ ഇഥി ഫൌണ്ടേഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച സാമ്പത്തിക സഹായം നിരസിച്ചു. സഹായം സ്‌നേഹപൂര്‍വം നിരസിക്കുന്നതായും സാമ്പത്തിക സഹായത്തിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട്‌ നന്ദിയുണ്ടെന്നും ഇഥി ഫൗണ്ടേഷന്‍ വക്‌താവ്‌ അന്‍വര്‍ കസ്‌മി പറഞ്ഞു.

എന്നാല്‍ എന്തുകൊണ്ടാണ് സഹായം നിരസിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. പകരം  സാമ്പത്തിക സഹായം നിരസിക്കാനുണ്ടായ സാഹചര്യം വ്യക്‌തമാക്കി ഇഥിയുടെ മകന്‍ ഫൈസല്‍ ഇഥി കറാച്ചിയില്‍ പത്രസമ്മേളനം നടത്തുമെന്നാണ് അന്‍‌വര്‍ പറഞ്ഞത്. ഗീതയെ തിരികെ എത്തിച്ചതിനു പിന്നാലെ തിങ്കളാഴ്‌ചയാണ്‌ മോഡി ഇഥി ഫൗണ്ടേഷന്‌ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്‌.

ഗീതയെ സംരക്ഷിച്ചതിന്‌ പ്രത്യൂപകാരം എന്ന നിലയ്‌ക്കാണ്‌ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്ന്‌ മോഡി ട്വീറ്റ്‌ ചെയ്‌തു. ഗീതയ്‌ക്ക് വേണ്ടി ഇഥി കുടുംബം ചെയ്‌തത്‌ വിലമതിക്കാനാകാത്ത സേവനമാണെന്നും മോഡി ട്വീറ്റ്‌ ചെയ്‌തു. ഗീതയുടെ മടങ്ങിവരവിന്‌ നപടികള്‍ സ്വീകരിച്ച പാക്ക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെയും മോഡി അഭിനന്ദിച്ചിരുന്നു.