നരേന്ദ്ര മോഡിയുടെ സുരക്ഷ പ്രത്യേകസേന (എസ്പിജി) ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. എന്‍എസ്ജിയുടെയും ഗുജറാത്ത് പോലീസിന്റെയും സെഡ് പ്ലസ് സുരക്ഷയാണ് ഇപ്പോള്‍ മോഡിക്കുള്ളത്.
പ്രധാനമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് കാത്തുനില്‍ക്കാതെ എസ്പിജി ബുള്ളറ്റ് ഫ്രൂഫ് വാഹനവും ജാമര്‍ അടക്കമുള്ള സംവിധാനങ്ങളുമായി മോഡിയുടെ സുരക്ഷ ഉടന്‍ ഏറ്റെടുക്കും. മോഡിയുടെ ഭാര്യ യശോദാബെന്‍, അമ്മ ഹീരാ ബെന്‍ എന്നിവര്‍ക്കും എസ്പിജി സുരക്ഷയൊരുക്കും.
ഗുജറാത്തിലെ ബനസ്‌കന്ദ ജില്ലയിലെ ഗ്രാമത്തിലാണ് യശോദാ ബെന്‍ താമസിക്കുന്നത്. ഇവിടെ എസ്പിജി സംവിധാനങ്ങള്‍ക്കുള്ള സൗകര്യം പരിമിതമാണ്. അതിനാല്‍, യശോദ അനുയോജ്യമായ മറ്റൊരിടത്തേക്ക് താമസം മാറ്റേണ്ടിവരും. ഇവരുടെ താത്പര്യമനുസരിച്ചുള്ള ഏതെങ്കിലും സ്ഥലത്തേക്ക് താമസം മാറ്റാം. ബനസ്‌കന്ദ ജില്ലാ ആസ്ഥാനമോ ഗാന്ധിനഗറോ ആണ് പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ മോഡിയുടെ അഭിപ്രായവും ആരായും.
മോഡിയുടെ മൂന്ന് സഹോദരന്‍മാരുടേയും രണ്ട് സഹോദരിമാരുടേയും കാര്യത്തില്‍ എസ്.പി.ജി. സുരക്ഷ ബാധകമാവില്ല. എന്നാല്‍ അവര്‍ക്ക് വിവിഐപി.കള്‍ക്കുള്ള സെഡ് കാറ്റഗറി സുരക്ഷയൊരുക്കാന്‍ ഗുജറാത്ത് പൊലീസിനോട് ആവശ്യപ്പെടുമെന്ന് ഔദ്യോഗികകേന്ദ്രങ്ങള്‍ പറഞ്ഞു.
പ്രധാനമന്ത്രിസ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ മുന്നിലുള്ള മോഡിക്ക് ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റെ നിര്‍ദേശപ്രകാരം ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഒരു സംഘം ഡോക്ടര്‍മാര്‍ ആരോഗ്യപരിശോധന നടത്തിയിരുന്നു. പതിവ് നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത് നടത്തിയത്. പ്രധാനമന്ത്രി പദത്തിലെത്താന്‍ സാധ്യതയുള്ള ആദ്യ ഏഴോ എട്ടോ പേരുടെ പട്ടിക സാധാരണ ഇതിനായി ക്യാബിനറ്റ് സെക്രട്ടേറിയറ്റ് സൂക്ഷിക്കും. ഇവരുടെ ആരോഗ്യ പരിശോധനയാണ് നടത്തുക.