മോഡിയുടെ ബുദ്ധികേന്ദ്രം മറുകണ്ടം ചാടി, ബീഹാറില്‍ തിരിച്ചടി ഭയന്ന് ബിജെപി

Webdunia
വ്യാഴം, 21 മെയ് 2015 (18:40 IST)
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിക്ക്‌ തെരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മെനയാന്‍ സഹായിച്ച സംഘത്തിലെ പ്രധാനി പ്രശാന്ത്‌ കിഷോര്‍ മറുകണ്ടം ചാടി. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാ പരിവാറിനൊപ്പം പ്രവര്‍ത്തിക്കുന്നതിനായാണ് കിഷോര്‍ കളം മാറ്റിച്ചവിട്ടിയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയുടെ ത്രീഡി ഹോളോഗ്രാം, ചായ്‌ പേ ചര്‍ച്ച, സ്‌റ്റാറ്റ്‌ച്യു ഓഫ്‌ യൂണിറ്റി എന്ന വല്ലഭായ്‌ പട്ടേലിന്റെ പ്രതിമ തുടങ്ങി മോഡിയുടെ പ്രതിഛായ വര്‍ധിപ്പിക്കാന്‍ ഒരുക്കിയ തന്ത്രങ്ങളുടെ സൂത്രധാരനായിരുന്നു കിഷോര്‍.

വിവര സാങ്കേതിക വിദഗ്‌ദ്ധനായ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ജനതാ പരിവാറിനൊപ്പം ചേരുന്നത് ബി.ജെ.പിക്ക്‌ തിരിച്ചടി ആയേക്കുമെന്നാണ്‌ കരുതപ്പെടുന്നത്. 2012ലെ ഗുജറാത്ത്‌ തിരഞ്ഞെടുപ്പ്‌ മുതലാണ്‌ മോഡിയുടെ പ്രചരണങ്ങളുടെ അമരക്കാരനായി കിഷോര്‍ സ്‌ഥാനമേല്‍ക്കുന്നത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്‌ ഗുണം ചെയ്‌ത പല നീക്കങ്ങളുടെയും പിന്നില്‍ കിഷോറിന്റെ ബുദ്ധിയായിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ ചുമതലകളില്‍ നിന്ന് ഇയാളെ മൊഡിയും അമിത്ഷായും മാറ്റിനിര്‍ത്തുകയായിരുന്നു.

എന്നാല്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നത്‌ ബി.ജെ.പിക്ക്‌ വേണ്ടി ആയിരുന്നില്ലെന്നാണ്‌ പ്രശാന്ത്‌ കിഷോറിന്റെ വാദം. താന്‍ മോഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ നേതൃത്വം വഹിച്ചിരുന്നത്‌. ഇതുകൊണ്ടുതന്നെ ബിഹാര്‍ തെരഞ്ഞടുപ്പില്‍ ജനതാ പരിവാറിനൊപ്പം ചേരുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ നടക്കുകയാണ്‌. കൂടുതലായി പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കിഷോറിനെ പ്രചരണങ്ങളുടെ ഭാഗമാകുന്നതിന്‌ സ്വാഗതം ചെയ്യുന്നതായി ജനതാ പരിവാര്‍ ഇതിനകം വ്യക്‌തമാക്കിക്കഴിഞ്ഞു.