കോണ്‍ഗ്രസിന് മോഡിയുടെ വിമര്‍ശനം. 60 വര്‍ഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതിരുന്നവരാണ് 60 ദിവസത്തിന്റെ കണക്കെടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അറുപത് ദിവസത്തെ ഭരണം കൊണ്ട് തന്റെ ആത്‌മവിശ്വാസം വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ നിന്നും പിന്‍തിരിഞ്ഞിട്ടില്ല. അവര്‍ സമൂഹത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. ഇത്തരം പ്രവണതകളെ ബിജെപി ഒരിക്കലും അംഗീകരിക്കില്ല. സമാധാനവും ഐക്യവും സഹോദര്യവുമാണ് രാജ്യത്തിന്റെ പുരോഗമനത്തിന് അടിസ്ഥാനം. ഇതില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും മോഡി പറഞ്ഞു.
രാജ്യം വികസിച്ചാല്‍ 125 കോടി ജനങ്ങളും പുരോഗതി നേടും. 14 വര്‍ഷത്തെ വിചാരണ കടന്നാണ് ഞാന്‍ എത്തിയിരിക്കുന്നത്. ഇത് ഞങ്ങളുടെ ഊഴമാണിത്. ജനങ്ങളുടെ അഭിലാഷം ഞങ്ങള്‍ തൃപ്തികരമായി നിറവേറ്റുമെന്നും മോഡി വ്യക്തമാക്കി.
ഡല്‍ഹിയെക്കുറിച്ചോ പാര്‍ലമെന്റിനെക്കുറിച്ചോ തനിക്ക് ഒന്നുമറിയില്ലായിരുന്നു. തുടക്കത്തില്‍ ശുദ്ധീകരണത്തിനും ജോലി സംസ്‌കാരം മാറ്റുന്നതിനുമായി സമയം ചെലവിട്ടു. ഇപ്പോള്‍ കാര്യങ്ങളെല്ലാം സുഗമമായി നീങ്ങുന്നു. ബുദ്ധിമുട്ടുകള്‍ തരണം ചെയ്യാന്‍ കഴിയുന്നു. ബിജെപി സര്‍ക്കാരിന്റെ ഭരണം ശരിയായ ദിശയിലാണെന്നും അധികാരത്തിലേറി 60 ദിവസം കൊണ്ട് ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റിയെന്നും മോഡി പറഞ്ഞു.