മന്ത്രിമാരാകാന്‍ ലോബിയിംഗ് നടത്തരുതെന്ന് മോഡി

Webdunia
ചൊവ്വ, 20 മെയ് 2014 (18:06 IST)
കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നേടാന്‍ അണിയറ നീക്കങ്ങളും ചരടുവലികളും നടത്താന്‍ നില്‍ക്കാതെ അവരവുടെ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തമാക്കാന്‍ പരിശ്രമിക്കണമെന്ന് ബിജെപിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി പാര്‍ട്ടി എംപിമാരോട് നിര്‍ദ്ദേശിച്ചു.

കര്‍ണാടകത്തില്‍ നിന്നുള്ള എംപിമാരായ ബിഎസ് യെദ്യൂരപ്പയുടെയും അനന്തകുമാറിന്റെയും നേതൃത്വത്തില്‍ പ്രതിനിധി സംഘം മന്ത്രിസ്ഥാനത്തേക്ക് ശുപാര്‍ശയുമായി എത്തിയപ്പോഴായിരുന്നു നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശം.

ശിവസേനയും തെലുങ്കുദേശം പാര്‍ട്ടിയും കേന്ദ്ര മന്ത്രിസഭയില്‍ പ്രാതിനിധ്യം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷവും നരേന്ദ്ര മോഡിക്ക് തീരുമാനങ്ങളെടുക്കാനുള്ള പിന്‍ബലവും ഉള്ള സാഹചര്യത്തില്‍ വകുപ്പുകള്‍ക്ക് മറ്റും വിലപേശുക അസാദ്ധ്യമാണെന്നതിനാല്‍ അവര്‍ പൊതുവെ നിശബ്ദരായി.

വിവിധ സംസ്ഥാനങ്ങളിലെ ബിജെപി എം.പിമാരും നേതാക്കളും കേന്ദ്ര മന്ത്രിസ്ഥാനം നേടാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളും അണികളില്‍ കൂടിയുള്ള ശുപാര്‍ശകളും ഉയര്‍ത്തിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് മോഡി താക്കീതിന്റെ സ്വരത്തില്‍ നയം വ്യക്തമാക്കിയിരിക്കുന്നത്.