മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ ഉയരും

Webdunia
വ്യാഴം, 26 മാര്‍ച്ച് 2015 (12:54 IST)
രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ കുത്തനെ ഉയര്‍ന്നേക്കും. ടെലികോം സ്‌പെക്ട്രങ്ങള്‍ ഉയര്‍ന്ന നിരക്കില്‍ വിറ്റുപോയതാ‍ണ് കോള്‍ നിരക്കുകള്‍ കുത്തനെ ഉയരാന്‍ കാരണമാകുക. കോള്‍ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനം വരെ വര്‍ധിച്ചേക്കാമെന്നാണ് മൊബൈല്‍ സേവന ദാതാക്കള്‍ നല്‍കുന്ന സൂചന. ഉയര്‍ന്ന നിരക്കിലാണ് സേവന ദാതാക്കള്‍ സ്പെക്ട്രങ്ങള്‍ ലേലത്തില്‍ പിടിച്ചത്. തങ്ങളുടെ കൈവശമുള്ള കാലാവധി തീരുന്ന ലൈസന്‍സുകള്‍ നിലനിര്‍ത്തുന്നതിനാണ് മുഖ്യമായും ലേലത്തിലൂടെ ശ്രമിച്ചത്.

അതിനാല്‍ കൂടിയ തുകയ്ക്കാണ് ഇവര്‍ ലേലത്തില്‍ പങ്കെടുത്തത്.  19 ദിവസം നീണ്ട ലേലം ബുധനാഴ്ച പൂര്‍ത്തിയായപ്പോള്‍ 1.10 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍, റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തുടങ്ങിയ കമ്പനികളാണ് ലൈസന്‍സുകള്‍ നിലനിര്‍ത്താന്‍ കൂടുതല്‍ തുകയ്ക്ക് ലേലം പിടിച്ചത്. അതേസമയം, റിലയന്‍സ് ജിയോ, ടാറ്റ ടെലി സര്‍വീസസ്, ടെലിവിങ്‌സ് (യൂണിനോര്‍), എയര്‍സെല്‍ എന്നിവ പുതിയ ലൈസന്‍സിനായി ശ്രമം നടത്തി.

ലേലത്തിന്റെ നിബന്ധനകള്‍ പ്രകാരം 2100 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ ലേലത്തുകയുടെ 30 ശതമാനവും 900 മെഗാഹെര്‍ട്‌സ്, 800 മെഗാഹെര്‍ട്‌സ് ബാന്‍ഡില്‍ 25 ശതമാനം തുകയും ലേലം അവസാനിച്ച് പത്ത് ദിവസത്തിനകം നല്‍കണം. സ്‌പെക്ട്രം ലഭിച്ച കമ്പനികള്‍ ബാക്കി തുക പന്ത്രണ്ട് വര്‍ഷത്തിനകം കൊടുത്തുതീര്‍ക്കണം. 10 വര്‍ഷത്തെ ഇന്‍സ്റ്റാള്‍മെന്റുകളായാണ് തുക നല്‍കേണ്ടത്. ഇതിനൊപ്പം രണ്ട് വര്‍ഷത്തെ മൊറട്ടോറിയവും പ്രഖ്യാപിച്ചിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.