ബിഹാറിൽ എൻഡിഎ കേവലഭൂരിപക്ഷമുറപ്പിച്ച് സർക്കാർ രൂപീകരണത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണ്. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാസഖ്യവും ഭരണത്തിലേറുന്ന എന്‍ഡിഎയും തമ്മിലുള്ള അന്തരം വളരെക്കുറവാണെന്നാണ് വ്യക്തമാവുന്നത്. വോട്ട് വിഹിതം കണക്കിലെടുക്കുകയാണെങ്കിൽ 0.03 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണ് ഇരു കക്ഷികള്‍കള്‍ക്കുമിടയിലുള്ളത്.
123 സീറ്റ് നേടിയ എന്‍ഡിഎയ്ക്ക് 110 സീറ്റ് ലഭിച്ച മഹാസഖ്യത്തെക്കാള്‍ അധികം ലഭിച്ചത് 12,768 വോട്ടുകളാണ്. എൻഡിഎയ്‌ക്ക് 1,57,01,226 വോട്ടുകൾ കിട്ടിയപ്പോൾ 1,56,88,458 വോട്ടുകളാണ് മഹാസഖ്യത്തിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ലഭിച്ച വോട്ടുശതമാനം 37.26 ഉം മഹാസഖ്യത്തിന്റേത് 37.23 ശതമാനവുമാണ്. അതായത് ഓരോ നിയോജകമണ്ഡലത്തിലും 53 വോട്ടുകൾ മാറിയെങ്കിൽ ഫലം തന്നെ മാറിയേനെ എന്ന സ്ഥിതി. അഞ്ച് വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ ആര്‍ജെഡി, ജെഡിയു, കോണ്‍ഗ്രസ് സഖ്യം എന്‍ഡിഎ സഖ്യത്തേക്കാള്‍ അധികം നേടിയത് 29.6 ലക്ഷം വോട്ടുകളാണ്. 7.8ശതമാനം വോട്ടുകളുടെ അന്തരമാണ് അന്നുണ്ടായിരുന്നത്.