സംസ്ഥാനത്ത് ഡിസംബർ 8,10,14 തീയതികളിൽ നടക്കുന്ന തദ്ദേശ സ്വയ ഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. വ്യാഴാഴ്‌ച മുതൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാം. അവധി ദിവസങ്ങളൊഴികെ രാവിലെ 11നും ഉച്ചയ്‌ക്ക് 3നും ഇടയിലുള്ള സമയത്താണ് പത്രിക സമർപ്പിക്കത്ത്. നവംബർ 19 വരെ പത്രിക സമർപ്പിക്കാം.
നാമനിർദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാർത്ഥി നൽകേണ്ട വിശദവിവരങ്ങൾ ഫോറം 2എയിൽ സമർപ്പിക്കണം. ഫോറം 2എയിൽ പുരുഷൻ/സ്ത്രീ എന്നതിന് പുറമെ ട്രാൻസ്‌ജെൻഡർ എന്ന് കൂടി ചേർത്തിട്ടുണ്ട്. സ്ഥാനാർത്ഥിയുടെ ഫോൺ നമ്പർ,ഇ മെയിൽ,സോഷ്യൽ മീഡിയ അക്കൗണ്ട്,പാൻ നമ്പർ എന്നീ വിവരങ്ങൾ പുതുതായി നൽകണം. കൂടാതെ സ്ഥാനാർത്ഥിയുടെയും കുടുംബത്തിന്റെയും സ്വത്ത്,ബാദ്ധ്യത-കുടിശ്ശിക വിവരങ്ങൾ എന്നിവയ്‌ക്ക് പുറമെ സ്ഥാനാർത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും നൽകണം. കോടതിയിൽ കേസുകൾ ഉണ്ടാവുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും സ്ഥാനാർത്ഥി നൽകണം.