പട്ന: ബിഹാറിൽ സസ്‌പെൻസ് നിറഞ്ഞ വോട്ടെണ്ണലിനൊടുവിൽ വിജയം എൻഡഎയ്ക്ക്. 20 മണിക്കൂറോളം നീണ്ട വോട്ടണ്ണലിനൊടുവിലാണ് ബിഹാറീന്റെ ചിത്രം തെളിഞ്ഞുവന്നത്. 243 അംഗ സഭയിലേയ്ക്ക് നടന്ന തെരെഞ്ഞെടുപ്പിൽ 125 സീറ്റുകളോടെയാണ് ബിജെപി-ജെഡിയു നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം അധികാരം നിലനിർത്തിയത്. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷം.
ബിജെപി 74 സീറ്റുകളും, ജെഡിയു 43 സീറ്റുകളൂം നേടി. എച്ച്എഎമും, വിഐപിയും 4 വീതം സീറ്റുകളും എൻഡിഎയിൽ കൂട്ടിച്ചേർത്തു. മഹാസഖ്യത്തിന് 110 സീറ്റുകൾ നേടാൻ മാത്രമാണ് സാധിച്ചത്. 75 സീറ്റുകൾ നേടി ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്സിന് 19 സീറ്റുകൾ മാത്രമാണ് നേടാനായത്. 2015ൽ കോൺഗ്രസ്സ് 27 സീറ്റുകളിൽ വിജയിച്ചിരുന്നു. 29 സീറ്റുകളിൽ മത്സരിച്ച ഇടതുപാർട്ടികൾ 16 സീറ്റുകൾ നേടി ബിഹാറിൽ നേട്ടമുണ്ടാക്കി.
2015ൽ മൂന്നു സീറ്റുകൾ മാത്രമുണ്ടായിരുന്ന സിപിഐഎംഎൽ ഇത്തവണ പന്ത്രണ്ട് സീറ്റുകൾ നേടി. സിപിഐ(എം), സിപിഐ എന്നീ പാർട്ടികൾ രണ്ടുവീതം സീറ്റുകളും നേടി. എഐഎംഐഎം അഞ്ച് സീറ്റുകളും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതവും നേടി. ബിഹാറിൽ മഹാസഖ്യം വലിയ ഭൂരിപക്ഷത്തിൽ അധികാാരത്തിലെത്തും എന്ന എക്സിറ്റ് പോൾ ഫലങ്ങളെ നിഷ്പ്രഭമാക്കിയാണ് എൻഡിഎ സഖ്യം ഭരണത്തുടർച്ച ഉറപ്പാക്കിയത്.