മെര്‍സല്‍ വിവാദത്തില്‍ ബിജെപിയെ പരിഹസിച്ച് ചിദംബരം രംഗത്ത്
ശനി, 21 ഒക്‌ടോബര്‍ 2017 (14:39 IST)
ബിജെപിയുടെ എതിര്‍പ്പിന് കാരണമായ വിജയ് ചിത്രം മെർസൽ വീണ്ടും സെൻസർ ചെയ്യാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി ചിദംബരം രംഗത്ത്.
കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തിയുള്ള ചിത്രങ്ങള്‍ക്ക് മാത്രം അനുമതി ലഭിക്കുന്ന കാലം വിദൂരത്തല്ല. ഇന്ത്യയിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചുകൊണ്ടുള്ള ഡോക്യുമെന്‍ററികൾ മാത്രമേ നിർമ്മിക്കാനാകൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു ചിദംബരം ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
അതേസമയം, വിജയ് ക്രിസ്‌ത്യാനിയായതിനാലാണ് അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ വിദ്വോഷ പ്രചാരണം നടത്തുന്നതെന്ന് ബിജെപി നേതാവ് എച്ച് രാജ പറഞ്ഞു. സിനിമയുടെ നിര്‍മാതാവ് ഹേമ രുക്മാനിയയും ക്രിസ്ത്യാനിയാണോ എന്ന കാര്യം പരിശോധിച്ചു വരുകയാണെന്നും രാജ പറഞ്ഞു.
മെര്‍സലിലെ രണ്ട് രംഗങ്ങളാണ് ബിജെപിയെ ചൊടിപ്പിച്ചത്. വിദേശത്തുവെച്ച് വടിവേലു ചെയ്‌ത കഥാപാത്രത്തെ പോക്കറ്റടിക്കാന്‍ ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോള്‍ വടിവേലു തന്റെ കാലിയായ പെഴ്സ് തുറന്നു കാട്ടി, ഡിജിറ്റല്‍ ഇന്ത്യ കാരണം പോക്കറ്റ് കാലിയാണെന്നും അതിനാല്‍ നന്ദിയുണ്ടെന്നും പറയുന്നതാണ് ഒരു ഭാഗം.
വിജയ് കഥാപാത്രം ഇന്ത്യയിലെ ജിഎസ്ടി 28 ശതമാനം വരെയാകുമ്പോള്‍ സിങ്കപ്പൂരില്‍ ഇത് ഏഴ് ശതമാനമാണെന്നും അവിടെ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സയടക്കമുള്ള കാര്യങ്ങള്‍ ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ഒന്നുമില്ലെന്നും പറയുന്നുണ്ട്. ഈ രണ്ടു ഭാഗങ്ങളാണ് ബിജെപിയുടെ ഇഷ്‌ടക്കേടിന് കാരണമായത്.