ബിജെപി നടത്തുന്ന വിമര്‍ശനങ്ങള്‍ക്കു പിന്നാലെ വിജയ് നായകനായ ചിത്രം ‘മെര്‍സലി’നു പൂര്‍ണ പിന്തുണയുമായി സിനിമാ പ്രവര്‍ത്തകര്‍. സംവിധായകന്‍ പാ രഞ്ജിത്തിനു പിന്നാലെ സിനിമയെ പിന്തുണച്ച് കമലഹാസനും രംഗത്തെത്തി. ഒരിക്കല്‍ സെന്‍സര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രമാണ് മെര്‍സല്‍. ഇനി വീണ്ടും അതിനെ സെന്‍സര്‍ ചെയ്യരുതെന്ന് കമല്‍ പറഞ്ഞു.
വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടുകയാണ് വേണ്ടത്. അല്ലാതെ വിമര്‍ശകരുടെ വായടപ്പിക്കുകയല്ല പാര്‍ട്ടിയും പാര്‍ട്ടിപ്രവര്‍ത്തകരും ചെയ്യേണ്ടത്. സംസാരിക്കുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുന്നൂ എന്ന് പറയാന്‍ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് വിജയ് നായകനായ മെര്‍സലിലുള്ളതെന്നും ആ രംഗങ്ങള്‍ക്ക് പ്രേക്ഷകരില്‍നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും പാ രഞ്ജിത്ത് വ്യക്തമാക്കി.
അതേസമയം, ബിജെപി തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യം അംഗീകരിച്ച് ജിഎസ്ടിയേയും ഡിജിറ്റല്‍ ഇന്ത്യയേയും പരാമര്‍ശിക്കുന്ന സീനുകള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്നാല്‍, സീനുകള്‍ നീക്കം ചെയ്‌തതായുള്ള അറിയിപ്പുകളൊന്നും സംവിധായകൻ അറ്റ്ലിയിൽ നിന്നോ നായകന്‍ വിജയില്‍ നിന്നോ ലഭ്യമായിട്ടില്ല.
ചിത്രത്തിലെ മോശം പരാമര്‍ശങ്ങള്‍ ജനങ്ങളിലേക്ക് തെറ്റായ കാര്യങ്ങള്‍ എത്തിക്കാന്‍ കാരണമാകുമെന്ന് തമളിസൈ സൗന്ദരരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍, ചിത്രത്തിനെതിരെ ബിജെപി രംഗത്ത് എത്തിയതോടെ കൂടുതല്‍ പിന്തുണ സിനിമയ്‌ക്ക് ലഭ്യമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.