മെഹ്‌ബൂബയുടെ സത്യപ്രതിജ്ഞ പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയായതിനു ശേഷം

Webdunia
ശനി, 9 ജനുവരി 2016 (09:23 IST)
ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയായി മെഹ്‌ബൂബ മുഫ്‌തി സത്യപ്രതിജ്ഞ ചെയ്യുന്നത് വൈകും. പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞതിനു ശേഷമേ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂവെന്ന് മെഹ്‌ബൂബ തന്നെയാണ് വ്യക്തമാക്കിയത്. മുഖ്യമന്ത്രി ആയിരുന്ന മുഫ്‌തി മുഹമ്മദ് സയീദ് മരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പദം മകളും പി ഡി പി അധ്യക്ഷയുമായ മെഹ്‌ബൂബയിലേക്ക് എത്തിയത്.
 
ഞായറാഴ്ചയോടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ തിങ്കളാഴ്ച മെഹ്‌ബൂബ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 
 
ഇതിനിടെ, പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ഗവര്‍ണര്‍ എന്‍ എന്‍ വോറ, മെഹ്‌ബൂബയ്ക്കും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സത്പാല്‍ ശര്‍മക്കും വെള്ളിയാഴ്ച വൈകുന്നേരം കത്തയച്ചിരുന്നു.