മാറാട് പ്രതികള്‍ ജനങ്ങള്‍ക്ക് ഭീഷണി; ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍

ശനി, 12 ജൂലൈ 2014 (14:49 IST)
മാറാട് കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് ജാമ്യം കിട്ടിയാല്‍ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയിൽ വാദിച്ചത്.

മാറാട് കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സർക്കാർ ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്. അഥവാ പ്രതികള്‍ക്ക് അനുവദിക്കുകയാണെങ്കിൽ കോഴിക്കോട് ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

63 പേര്‍ക്ക് വിചാരണകോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ 2012ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇത് കൂടാതെ വിചാരണകോടതി വെറുതെ വിട്ട 24 പേരെ സംസ്ഥാന സര്‍ക്കാറിന്റെ അപ്പീൽ പരിഗണിച്ച് ജീവപര്യന്തത്തിനും ശിക്ഷിച്ചു. ഈ 24 പേര്‍ക്ക് സുപ്രീംകോടതി ജാമ്യം നൽകിയതിനെ തുടർന്നാണ് വിചാരണ കോടതി ആദ്യം ശിക്ഷിച്ച പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.

വെബ്ദുനിയ വായിക്കുക