റിയോ ഡി ജനീറോയിൽ നടക്കുന്ന ഒളിംപിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഗുഡ്‍വിൽ അംബാസിഡറാകാൻ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കറെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ സമീപിച്ചതായി റിപ്പോർട്ട്. ഇതറിയിച്ചുകൊണ്ട് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സച്ചിനു കത്തയച്ചു. എന്നാല്‍ താരം കത്തിനോട് പ്രതികരിച്ചിട്ടില്ല.
അംബാസിഡറായി ബോളിവുഡ് താരം സൽമാൻ ഖാനെ നിയമിച്ചതിനെതിരെ പല ഭാഗത്തുനിന്നും പ്രതിഷേധം ഉയർന്നിരുന്നു. കായികരംഗത്ത് യാതൊരു സംഭവാനയും നല്‍കാത്ത സല്‍മാനെ പരിഗണിക്കുന്നതില്‍ കായിക രംഗത്തുള്ളവര്‍ തന്നെ രംഗത്ത് എത്തിയിരുന്നു. കായിക താരങ്ങളായ യോഗേശ്വർ ദത്തും മിൽഖാ സിംഗും പരസ്യമായി ഇതിനെതിരെ രംഗത്തുവരുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.
സച്ചിനെ ഗുഡ്‍വിൽ അംബാസിഡറാക്കിയാല്‍ കായിക മേഖലയില്‍ നിന്നടക്കമുള്ള ഒരു ഭാഗത്തു നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകില്ല എന്ന ഉറച്ച വിസ്വാസമാണ് ഇന്ത്യൻ ഒളിമ്പിക്‍സ് അസോസിയേഷനെ ഇത്തരമൊരു തീരുമാനത്തില്‍ എത്തിക്കാന്‍ പ്രേരിപ്പിച്ചത്. അതേസമയം, ഓസ്കര്‍ പുരസ്കാര ജേതാവ് എ ആര്‍. റഹ്മാനെയും ഒളിമ്പിക് അസോസിയേഷന്‍ ഗുഡ്വില്‍ അംബാസഡര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നുണ്ട്. ഇതിലൂടെ, കൂടുതല്‍ കോര്‍പറേറ്റ് സ്പോണ്‍സര്‍മാരെ നേടുകയാണ് ഒളിമ്പിക് അസോസിയേഷന്‍ ലക്ഷ്യമിടുന്നത്.