ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്‌ത്രീ പറഞ്ഞിട്ടില്ലെന്ന് ഉജ്ജയിൻ ബിഷപ്പ് മാർ.സെബാസ്‌റ്റ്യൻ വടക്കേൽ മൊഴി നൽകി. മൊഴിയെടുക്കാനെത്തിയ അന്വേഷണ സംഘത്തോടാണ് ബിഷപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ജലന്ധര്‍ ബിഷപ്പുമായി ചില പ്രശ്‌നങ്ങളുണ്ടെന്നും ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നുവെന്നും കന്യാസ്ത്രീ പറഞ്ഞിരുന്നു. സന്ന്യാസ സഭയിലെ ഭരണപരമായ ചില പ്രശ്നങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഇക്കാര്യം നേരിട്ടും ഇമെയിലിലൂടെയും പറഞ്ഞിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഷപ്പ് അന്വേഷണ സംഘത്തെ അറിയിച്ചു.
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത് ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തത്.