ജലദോഷവുമായി എത്തിയ രോഗിക്ക് വര്‍ഷങ്ങളോളം എയിഡ്‌സിന്റെ ചികിത്സ നടത്തിയ ഡോക്‍ടര്‍ കുടുങ്ങി
ശനി, 4 ഫെബ്രുവരി 2017 (14:02 IST)
പനിയും ചുമയുമായി എത്തിയ രോഗിക്ക് എച്ച്ഐവി ഉണ്ടെന്ന് പറഞ്ഞ് ചികിത്സ നടത്തിയ ഡോക്‍ടര്‍ക്ക് പിഴ. കൺസ്യൂമർ ഫോറമാണ് ഡോ ഡിസി കമ്മത്തിന് അഞ്ചു ലക്ഷം രൂപ പിഴ വിധിച്ചത്.
ധനരാജ് പട്ടേൽ എന്ന വ്യക്തിയാണ് ഡോക്‍ടറിനെതിരെ പരാതി നല്‍കിയത്. 2004ലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. ജലദോഷവുമായി എത്തിയ പട്ടേലിനെ പരിശോധിച്ച ശേഷം എച്ച്ഐവി ആണെന്ന് കമ്മത്ത് അറിയിച്ചു.
കൃത്യമായ പരിശോധനാഫലം ലഭിക്കുന്നതിന് മുമ്പു തന്നെ കമ്മത്ത് പട്ടേലിന് മരുന്നുകള്‍ നല്‍കി. 2007വരെ തുടരുകയും ചെയ്‌തു. കൂടുതല്‍ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കുമായി കമ്മത്ത് തന്നെ പട്ടേലിനെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റെഫർ ചെയ്‌തു.
മുംബൈയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ പട്ടേലിന് എയിഡ്‌സ് ഇല്ലെന്ന് വ്യക്തമായി. തിരിച്ചെത്തിയ പട്ടേലിന് കമ്മത്ത് വീണ്ടും മരുന്നുകള്‍ നല്‍കി. ഒടുവില്‍ മുംബൈയിലെ ഡോക്‍ടര്‍മാരുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് ചികിത്സ നിർത്തിയത്.
കമ്മത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പട്ടേല്‍ ഉന്നയിച്ചത്. തനിക്ക് എയിഡ്‌സ് ആണെന്ന വിവരത്തെ തുടര്‍ന്ന് അടുപ്പക്കാര്‍ പോലും അകലം പാലിച്ചെന്നും അത് ബിസിനസിനെ ബാധിച്ചെന്നും കൺസ്യൂമർ ഫോറത്തില്‍ പട്ടേല്‍ വ്യക്തമാക്കി. വില കൂടിയ മരുന്നുകൾ വാങ്ങാൻ ലോൺ എടുക്കേണ്ടി വന്നെന്നും അദ്ദേഹം വ്യക്തമാക്കി.