മാലിദ്വീപിനെ ചൈന പാട്ടത്തിനെടുക്കുന്നു, ആശങ്കയോടെ ഇന്ത്യ

Webdunia
തിങ്കള്‍, 29 ജൂണ്‍ 2015 (13:12 IST)
ഇന്ത്യയ്ക്ക് സുക്ഷാ ഭീഷണിയുയര്‍ത്തിക്കൊണ്ട് അയല്‍ രാജ്യമായ മാലിയ്ലെ മുപ്പതോളം ആള്‍പ്പാര്‍പ്പില്ലാത്ത ചെറുദ്വീപുകള്‍ ചൈന സ്വന്തമാക്കി. ഇന്ത്യയുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയായേക്കാവുന്ന ഈ അധിനിവേശം രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അറബിക്കടലില്‍ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാല്‍ഡിവീസ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്. ഇവയില്‍ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ചൈന സ്വന്തമാക്കിയ ദ്വീപുകളില്‍ വന്‍തോതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

മറുവശത്ത് ഇന്ത്യയ്ക്കെതിരെ പൊരുതാന്‍ പാകിസ്ഥാനും വന്‍തോതില്‍ മാലിദ്വീപിലെ ചെറുപ്പക്കാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മുസ്ലിം രാജ്യമായ മാലിദ്വീപില്‍ പാകിസ്ഥാന്‍ ഇതിനകം തന്നെ വേരുറപ്പിച്ചുകഴിഞ്ഞു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നയതന്ത്രപരമായി ഇന്‍ഡ്യയ്ക്കുണ്ടായ വീഴ്ചയാണ് ശ്രീലങ്കയില്‍ ചൈനയും പാകിസ്ഥാനും മുതലെടുക്കുന്നത്. ശ്രീലങ്കയില്‍ നടന്ന കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയ്ക്ക് അനുകൂലമായ സര്‍ക്കാര്‍ അവിടെ നിലവില്‍ വന്നത് ചൈനയെ ചൊടിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് തലവേദനയുണ്ടാക്കാന്‍ ചൈന മാലിയെ ലക്ഷ്യമിട്ടത്.

തന്ത്രപ്രധാനമായ മേഖലയിലാണ് മാലി സ്ഥിതിചെയ്യുന്നത്. അതിനാല്‍ മാലിയിലെ ഒരു ദ്വീപില്‍ സൈനികത്താവളം നിര്‍മിക്കാന്‍ അമേരിക്കയും ശ്രമം നടത്തുന്നുണ്ട്. തിരുവനന്തപുരത്തുനിന്ന് 50 മിനിട്ട് വിമാനയാത്ര ചെയ്താല്‍ മാലിദ്വീപിലെത്താം. അതിനാല്‍ അറേബ്യന്‍ സമുദ്രത്തിലെ ചൈനീസ് സാന്നിദ്ധ്യം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍, കല്‍പ്പാക്കം, കൂടങ്കുളം, കൊച്ചി കപ്പല്‍ നിര്‍മാണശാല തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വന്‍ഭീഷണി ആയേക്കാമെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.