ജൈനമതക്കാരുടെ ഉപവാസക്കാലം പ്രമാണിച്ച് ഇറച്ചി വ്യാപാരം നിരോധിച്ച മീരാ-ഭയന്തറിലെയും മുംബൈയിലെയും നഗരസഭാ ഭരണകൂടത്തിനെതിരെ രംഗത്ത് വന്ന എന്‍സിപിയെ വെട്ടിലാക്കിക്കൊണ്ട് നവിമുംബൈ നഗരസഭയും ഇറച്ചിവ്യാപാരം നിരോധിച്ചു. ആട്ടിറച്ചിയും കോഴിയിറച്ചിയും നിരോധനത്തില്‍ ഉള്‍പ്പെടുന്നു. എന്‍സിപി യാണ് നവിമുംബൈ നഗരസഭ ഭരിക്കുന്നത്.
തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട് മതപരമായ ധ്രുവീകരണത്തിന് വേണ്ടിയാണ് മുംബൈ നഗരസഭയില്‍ ബിജെപി വിവാദപരമായ ഈ തീരുമാനം കൈക്കൊണ്ടതെന്നായിരുന്നു മീരാ-ഭയന്തര്‍, മുംബൈ നഗരസഭകള്‍ ഇറച്ചി വ്യാപാരം നിരോധിച്ചപ്പോള്‍ എന്‍സിപിയുടെ ആരോപണം. എന്നാല്‍ സെപ്റ്റംബര്‍ 17 വരെ നവിമുംബൈയും തീരുമാനിച്ചതൊടെ എന്‍സിപി പിന്നീട് പ്രതികരിച്ചിട്ടില്ല.
1964 മുതല്‍ മുംബൈ നഗരസഭ ജൈനമതക്കാരുടെ ഉപവാസക്കാലത്ത് നഗരത്തില്‍ രണ്ടുദിവസത്തെ ഇറച്ചി വ്യാപാര നിരോധനം നടപ്പാക്കിയിട്ടുണ്ട്. മുംബൈ നഗരത്തില്‍ വാണിജ്യ വ്യവസായ മേഖലയില്‍ ശക്തമായ സാന്നിധ്യം പുലര്‍ത്തുന്ന ജൈനമതക്കാരുടെ താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് ബിഎംസി ഈ നിരോധനം നടപ്പാക്കിയത്.
2004-ല്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാര്‍ സെപ്റ്റംബര്‍ മാസത്തില്‍ നിരോധനം രണ്ടുദിവസംകൂടി കൂട്ടി നാലാക്കി. മീരാ-ഭയന്തര്‍ നഗരസഭ എട്ടുദിവസത്തെ ഉപവാസക്കാലം മുഴുവന്‍ ഇറച്ചിക്ക് വ്യാപാര നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞദിവസം തീരുമാനം എടുത്തിരുന്നു. നിരോധനത്തെ ബിജെപി. സ്വാഗതംചെയ്തു. വിഷ്ണുവിന്റെ അവതാരമാണ് ഭഗവാന്‍ മഹാവീര്‍ എന്നും ജൈനമതക്കാരുടെ ഉപവാസക്കാലത്ത് മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചതില്‍ തെറ്റില്ലെന്നും ബിജെപി നേതൃത്വം പറഞ്ഞു.