ലഡും, അജിനമോട്ടയും; മാഗി ന്യൂഡില്‍സ്‌ പാക്കറ്റുകള്‍ രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു

Webdunia
വ്യാഴം, 21 മെയ് 2015 (18:51 IST)
കൂടിയ അളവില്‍ ലെഡും അജിനോമോട്ടയും കണ്ടെത്തിയതിനാല്‍ മാഗി ന്യൂഡില്‍സ്‌ പാക്കറ്റുകള്‍ രാജ്യവ്യാപകമായി തിരിച്ചുവിളിക്കുന്നു. ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷനാണ്‌ ഇത്‌ സംബന്ധിച്ച്‌ നിര്‍ദ്ദേശം നല്‍കിയത്‌. 2014 മാര്‍ച്ചില്‍ നിര്‍മ്മിച്ച ഒരു ബാച്ച്‌ മാഗി ന്യൂഡില്‍സ്‌ തിരിച്ചുവിളിക്കാന്‍ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്‌. മാഗി ന്യൂഡില്‍സ്‌ നിര്‍മ്മാതാക്കളായ നെസ്‌ലെയുടെ വക്‌താവും ഇക്കാര്യം സ്‌ഥിരീകരിച്ചു.

അതേസമയം തിരിച്ചുവിളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ ബാച്ച്‌ മാഗി വിപണിയില്‍ വിറ്റഴിച്ചതോ എക്‌സ്പയറി ഡേറ്റ്‌ കഴിഞ്ഞതോ ആകാമെന്ന്‌ കമ്പനി വക്‌താവ്‌ പറഞ്ഞു. ലഖ്‌നൗ ഫുഡ്‌ സേഫ്‌റ്റി ആന്‍ഡ്‌ അഡ്‌മിനിസ്‌ട്രേഷന്‍ നടത്തിയ പരിശോധനയിലാണ്‌ ലെഡും അജിനോമോട്ടയും കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്‌.  ഇതേതുടര്‍ന്ന്‌ എല്ലാ സംസ്‌ഥാനങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച്‌ പരിശോധന നടത്തണമെന്നും മാഗി നിരോധിക്കണമെന്നും ഫുഡ്‌ സേഫ്‌റ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദശലക്ഷത്തില്‍ 0.01 എന്നതാണ്‌ അനുവദനീയമായ ലെഡിന്റെ അളവ്‌. എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ്‌ എന്ന അളവിലാണ്‌ ലെഡിന്റെ അംശം കണ്ടെത്തിയത്‌. അജിനോമോട്ടോ കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ നെസ്‌ലെ നിഷേധിക്കുകയും ചെയ്‌തു.\