മാഗി നൂഡില്‍സ് മാത്രം ശീലമാക്കിയവര്‍ക്ക് ഡല്‍ഹിയില്‍ പോയാല്‍ അല്‌പം ആശ്വാസം ലഭിച്ചേക്കും. രാജ്യവ്യാപകമായി നിരോധിക്കപ്പെട്ട മാഗി ഡല്‍ഹിയില്‍ ഇപ്പോഴും ലഭ്യമാണ് വിലയല്പം കൂടുതലാണന്നേയുള്ളു. ഡല്‍ഹിയിലെ ചിലകടകളില്‍ മാത്രമാണ് ഈ വില്പന നടക്കുന്നത്. എന്നാല്‍ മാഗി ലഭിക്കണമെങ്കില്‍ ചോദിക്കുന്ന വില നല്‍കണം എന്ന് മാത്രം. വിശ്വാസമുള്ള പതിവ് ഉപഭോക്താക്കള്‍ക്ക് വേണ്ടി മാത്രമാണ് ഈ അനധികൃത വില്‍പ്പന. ഒരാള്‍ക്ക് ഒരുസമയം രണ്ടു പാക്കറ്റുകളിലധികവും കച്ചവടക്കാര്‍ നല്‍കില്ല.
പത്തുരൂപയ്‌ക്ക് വിറ്റിരുന്ന മാഗി ന്യൂഡില്‍സിന് 102 രൂപയിലധികമാണ് ഇന്ന് കച്ചവടക്കാര്‍ വാങ്ങുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാഗി പൂര്‍ണമായും മാര്‍ക്കറ്റില്‍ നിന്ന് പിന്‍വലിച്ചെന്നു നെസ്‌ലെ പറയുമ്പോഴും പല കച്ചവടക്കാരും ആവശ്യക്കാര്‍ക്ക് കരിഞ്ചന്തയില്‍ സാധനം നല്‍കാനായി പാക്കറ്റുകള്‍ തിരിച്ചുനല്‍കിയിട്ടില്ലെന്നു വ്യക്തമാകുന്നു. വില്‍പ്പനയ്‌ക്കായുള്ള പാക്കറ്റുകളുടെ എണ്ണം കുറയുന്തോറും മാഗിയുടെ വില ഇനിയും തങ്ങള്‍ കൂട്ടുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.