ശരീരത്തിന് ഹാനികരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗി നൂഡില്‍സ് നിര്‍മാതാക്കളായ നെസ്ലെ കമ്പനിക്കെതിരെയും മറ്റ് അഞ്ചുപേര്‍ക്കെതിരെയും കേസെടുത്തു. ഇതോടെ ഉത്പന്നത്തിന്റെ പ്രചാരണത്തിന് മുഖ്യപങ്കു വഹിച്ച അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നീ ബോളിവുഡ് താരങ്ങളും കോടതി കയറേണ്ടി വരും.പരസ്യങ്ങളിലൂടെ മാഗി ന്യൂഡില്‍സ് ആരോഗ്യകരമാണെന്ന് അവകാശപ്പെട്ട താരങ്ങള്‍ക്കെതിരെ 420, 272, 273, 109 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നെസ്‌ലെ ഇന്ത്യ ലിമിറ്റഡ്, നെസ്‌ലെ നാഗല്‍ കലാന്‍ ഇന്റസ്ട്രിയല്‍ ഏരിയാ യൂണിറ്റ്, ബാരബങ്കിയിലെ ഈസി ഡേ ഔട്ട്‌ലെറ്റ്, കമ്പനിയുടെ മാനേജര്‍മാരായ മോഹന്‍ ഗുപ്ത, ഷബാബ് ആലം എന്നിവര്‍ക്കെതിരെയാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അജിനോമോട്ടോയും ലെഡും അനുവദനീയമായതിലും അധികം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മാഗിയുടെ പ്രത്യേക ബാച്ച് കടകളില്‍ നിന്നും പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഏജന്‍സി ഉത്തരവിട്ടിരുന്നു. മാഗിക്കെതിരെ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍.