ലളിത് മോഡിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2015 (12:29 IST)
മുൻ ഐപിഎൽ ചെയർമാൻ ലളിത് മോഡിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. സാമ്പത്തികക്രമക്കേട് കേസിലാണ് വാറണ്ട്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാകാതിരുന്നതിനെ തുടർന്നാണ് മുംബൈ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

ഐപിഎൽ കമ്മീഷ്‌ണറായിരിക്കെ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ മോഡിക്കെതിരെ നേരത്തെ നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും  ഇത്തരത്തിലൊരു നോട്ടിസും ലഭിച്ചിരുന്നില്ലെന്ന് മോഡി വ്യക്തമാക്കി. അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ അദ്ദേഹത്തെ ഇന്ത്യയിലെത്തിക്കാനുള്ള ലുക്കൌട്ട്  നോട്ടീസ് ഉടന്‍ പുറത്തിറക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ്  നല്‍കുന്ന സൂചന. ഇപ്പോള്‍ ദുബായിലാണ് ലളിത് മോഡി.

ലളിത് മോഡിയെ ഇന്ത്യയിലെത്തിച്ച് നിയമനടപടി ആരംഭിക്കാത്തതിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധം ഉയരുന്നതിനിടയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്.

2008ൽ മൗറീഷ്യസിലെ വേൾഡ് സ്‌പോർട്‌സ്ഗ്രൂപ്പും സിംഗപ്പുരിലെ മൾട്ടി സ്‌ക്രീൻ മീഡിയയും തമ്മിൽ ഒപ്പിട്ട 425 കോടിയുടെ കരാറിൽ ഇടനിലക്കാരനായ ലളിത് മോഡിക്ക് 125 കോടി രൂപ ലഭിച്ചെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. ലളിത് മോഡിയുടെ കടലാസ് കമ്പനികളുടെ അക്കൗണ്ടുകളിലാണ് ഈ പണം നിക്ഷേപിച്ചിട്ടുള്ളതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.