ലഖ്‌വിക്ക് പിന്തുണ നല്‍കിയ ചൈനയെ ഇന്ത്യ പ്രതിഷേധം അറിയിച്ചു

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (13:08 IST)
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സക്കിയുര്‍ റഹ്‌മാന്‍ ലഖ്‌വിയുടെ മോചനവുമായി ബന്ധപ്പെട്ട്‌ ചൈന പാകിസ്‌താനെ സംരക്ഷിക്കുന്ന നിലപാട്‌ കൈക്കൊണ്ടതില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. ചൈനയുടെ ഇടപെടലിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി ചൈനീസ്‌ നേതൃത്വത്തെ അതൃപ്‌തി അറിയിച്ചിട്ടുണ്ട്‌ എന്ന്‌ വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്‌തമാക്കുന്നു.

ലഖ്‌വിയുടെ മോചനം ഐക്യ രഷ്ട്രസഭയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരാണെന്നും ലഖ്‌വിയെ മോചിപ്പിച്ചതില്‍ പാകിസ്‌താനെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നും ചൂണ്ടിക്കാറ്റി ഇന്ത്യ യു‌എന്നില്‍ പ്രമേയം കൊണ്ടുവന്നിരുന്നു. ഇതിനെതിരെയാണ് ചൈന നിലപാട് കൈക്കൊണ്ടത്.

ഇതാദ്യമായാണ്‌ ഈ വിഷയത്തില്‍ ഒരു വിദേശ രാജ്യം ഇടപെടുന്നത്‌. ലഖ്വിയുടെ മോചനം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉപരോധ സമിതി യോഗത്തിലാണ്‌ അപ്രതീക്ഷിതമായി ചൈന പാകിസ്‌താന്റെ രക്ഷക്കെത്തിയത്‌. ഇന്ത്യ ലഖ്‌വിക്കെതിരെ തെളിവുകള്‍ ഹാജരാക്കിയില്ലെന്നായിരുന്നു ചൈനയുടെ വാദം.