രാജ്യത്ത് തൊഴില്‍ നിയമങ്ങള്‍ പരിഷ്കരിച്ച് കുത്തകകള്‍ക്ക് എല്ലാം വിട്ടുകൊടുക്കുന്ന നയമാണ് കേന്ദ്രസര്‍ക്കാരിന്റേത് എന്ന് ആരോപണങ്ങളുയരുന്നതിനിടെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചടുക്കുമെന്ന് സൂചനകള്‍ നല്‍കിക്കൊണ്ട് പ്രധാന മന്ത്രി നരേന്ദ്ര മോഡി തൊഴില്‍ പ്രശ്നങ്ങളേക്കുറിച്ച് സംസാരിക്കുന്നു.
വ്യവസായികളുടെയല്ല, തൊഴിലാളികളുടെ കാഴ്ചപ്പാടിലൂടെ വേണം തൊഴില്‍ പ്രശ്നങ്ങള്‍ കാണേണ്ടതെന്നാണ് മോഡി പറയുന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന തൊഴിലാളി നയം പരിഷ്കരിക്കാന്‍ ലക്ഷ്യമിടുന്ന ശ്രമേവ ജയതേ യോജന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മോഡി പുതിയ സര്‍ക്കാരിന്റെ തൊഴിലാളി സമീപനങ്ങള്‍ വിശദീകരിച്ചത്.
ശ്രം സുവിധ എന്ന പേരില്‍ ഏകീകൃത തൊഴിലാളി പോര്‍ട്ടല്‍, സുതാര്യമായ ലേബര്‍ ഇന്‍സ്പെക്ഷന്‍ സ്കീം, എംപ്ളോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങള്‍ക്കു വേണ്ടി ഏകീകൃത യൂണിവേഴ്സല്‍ അക്കൌണ്ട് നമ്പര്‍ (യുഎഎന്‍), അപ്രന്റൈസ് പ്രോല്‍സാഹന്‍ യോജന,
രാഷ്ട്രീയ സ്വാസ്ത്യ ബീമ യോജന (ആര്‍എസ്ബിവൈ) തുടങ്ങിയ പദ്ധതികള്‍ തൊഴിലാളികള്‍ക്കായി ശില്‍പ്പശാലയില്‍ മോഡി പ്രഖ്യാപിച്ചു.
മേക് ഇന്‍ ഇന്ത്യ വിജയകരമാകണമെങ്കില്‍ വ്യാപാരം എളുപ്പമാകണം, ഇതിന് തൊഴില്‍ നിയമങ്ങളില്‍ കാതലായ പരിഷ്കരണം ആവശ്യമാണെന്നും അതിനാല്‍ ഇന്‍സ്പെക്ടര്‍ രാജ് എന്ന നയം തിരുത്തി പുതിയത് കൊണ്ടുവരുമെന്നും മോഡി പറഞ്ഞു. 1,800 ഓളം ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് പുതിയ നിയമങ്ങളും മറ്റ് അനുബന്ധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പ്രധാനമന്ത്രിയുടെ എസ്എംഎസ് ലഭിക്കും. തൊഴിലാളി വേതനം, പെന്‍ഷന്‍ തുടങ്ങിയവയെക്കുറിച്ചും എസ്എംഎസില്‍ വിവരം ഉണ്ടാകും.