കോഹിനൂര്‍ രത്നം ബ്രിട്ടന്‍ മോഷ്‌ടിച്ചതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കോഹിനൂര്‍ രത്നം ബ്രിട്ടീഷുകാര്‍ മോഷ്ടിച്ചതല്ലെന്നും മഹാരാജ രഞ്ജിത്ത് സിംഗ് ഈസ്റ് ഇന്ത്യാ കമ്പനിക്ക് കൈമാറിയതാണെന്നും സോളിസിറ്റര്‍ ജനറലാണ് കോടതിയെ അറിയിച്ചത്.
കോഹിനൂര്‍ രത്നം സമ്മാനിച്ചതിനാല്‍ അതില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയില്ല. കൊഹിനൂര്‍ രാജ്യത്തേക്ക് തിരികെ കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഈ വിശദീകരണം നല്‍കിയത്. ഇന്ത്യയില്‍ നിന്നും കടത്തിയ കൊഹിനൂര്‍ അടക്കം അമൂല്യങ്ങളായ വസ്തുക്കള്‍ മടക്കി നല്‍കാന്‍ യുകെ ഹൈക്കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഹൂമന്‍ റൈറ്റ്‌സ് ആന്റ് സോഷ്യല്‍ ജസ്റ്റീസ് ഫ്രണ്ടാണ് കോടതിയെ സമീപിച്ചത്.
ടിപ്പു സുല്‍ത്താന്റെ മോതിരവും വാളും തിരിച്ചെത്തിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ടിപ്പു സുല്‍ത്താന്‍, ബഹാദൂര്‍ ഷാ സഫര്‍, ഝാന്‍സി റാണി, നവാബ് മിര്‍ അഹമ്മദ് അലി ബന്ദ തുടങ്ങിയ ഭരണാധികാരികളുടെ സ്വകാര്യ സ്വത്തുക്കളും തിരിച്ചെത്തിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.