മുഖ്യപ്രതി കൊല്ലപ്പെട്ടു, രണ്ടാം പ്രതിയും കുടുംബവും അപകടത്തിൽപ്പെട്ടു; കോടനാട് കൊലക്കേസില്‍ ദുരൂഹതയുയര്‍ത്തി അപകടങ്ങള്‍

ശനി, 29 ഏപ്രില്‍ 2017 (13:50 IST)
ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിൽ കാവൽക്കാരനെ കൊലപ്പെടുത്തിയ കേസിൽ നാടകീയ വഴിത്തിരിവ്. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ വാഹനങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുമായി ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപെട്ടു. തുടര്‍ന്ന് കേസിലെ ഒന്നാം പ്രതി കനകരാജ് സേലത്ത് അപകടത്തില്‍ മരിച്ചു. രണ്ടാം പ്രതിയായ സയനും കുടുംബവും സഞ്ചരിച്ച കാര്‍ പാലക്കാട് അപകടത്തില്‍പ്പെടുകയും സയന്റെ ഭാര്യയും മകളും അപകടത്തില്‍ മരിക്കുകയും ചെയ്തു. സയന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്. 
 
ഇന്ന് രാവിലെ 5.30ന് ദേശീയപാത പാലക്കാട് കണ്ണാടിയില്‍‌വെച്ചാണ് സയന്റെ ഭാര്യ വിനുപ്രിയയും അഞ്ചു വയസുളള മകള്‍ നീതുവും മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കൊലപാതക ദിവസം എസ്റ്റേറ്റില്‍ പോകാന്‍ ഉപയോഗിച്ചിരുന്ന കാര്യം പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചയോറ്റെയാണ് കോടനാട് എസ്റ്റേറ്റിലെ കാവൽക്കാരൻ കൊല്ലപ്പെട്ടത്.  മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. കനകരാജിനും സയനും ഈ കേസിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്കായി തെരച്ചിൽ ശക്തമാക്കിയതിനു പിന്നാലെയാണ് പ്രതികൾ അപകടത്തിൽപ്പെടുന്നത്. 
 
ഈ കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ ബിടെക് വിദ്യാര്‍ത്ഥി ബിജിത് ജോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകസംഘത്തോടൊപ്പം ഇയാളുമുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ എഴ് മലയാളികളെ അറസ്റ്റ് ചെയ്തു. ഏഴ് മലയാളികളില്‍ നാലു പേര്‍ മലപ്പുറം സ്വദേശികളും മൂന്നു പേര്‍ തൃശ്ശൂര്‍ സ്വദേശികളുമാണെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റിലെ മറ്റൊരു കാവല്‍ക്കാരനായ കൃഷ്ണ ബഹദൂറിന് അക്രമത്തിനിടെ ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക